കോഴിക്കോട്: നൂര്‍ബിന റഷീദിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കോഴിക്കോട് മുസ്ലിം ലീഗില്‍ പൊട്ടിത്തെറി. ലീഗിന്റെ കോഴിക്കോട് സൗത്ത് മണ്ഡലം ഭാരവാഹികള്‍ നൂര്‍ബിനയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്തെത്തി. സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. 25 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലീഗ് ഒരു വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയാണ് നൂര്‍ബിന റഷീദ്.
അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പ്രതിഷേധം പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് ആവശ്യപ്പെടാനാണ് മണ്ഡലം കമ്മറ്റിയുടെ നീക്കം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടാനും നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ കമ്മറ്റികള്‍ ചര്‍ച്ച നടത്തുകയാണ്.
ഇത്തവണ ലീഗിന് വനിതാ സ്ഥാനാര്‍ഥിയുണ്ടാകുമെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോഴിക്കോട് നോര്‍ത്തില്‍ തന്നെ വീണ്ടും വനിതയെ പരീക്ഷിക്കുന്നതിനെതിരെ പല സംഘടനകളും മുന്നോട്ടു വന്നിരുന്നു.
ലീഗിന്റെ ആദ്യ സാധ്യതാ പട്ടികയില്‍ എംഎസ്എഫ് ഉപാധ്യക്ഷയായ ഫാത്തിമാ തെഹ്ലിയയുടെ പേരാണ് ആദ്യമുണ്ടായിരുന്നത്. പിന്നീട് ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്റെ പേരും ഉയര്‍ന്നുകേട്ടിരുന്നു. ഒടുവില്‍ ഇവരെയെല്ലാം തള്ളി രണ്ടാം മത്സരത്തിന് നൂര്‍ബിന റഷീദിന് നറുക്ക് വീഴുകയായിരുന്നു.


