കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 10 മണ്ഡലങ്ങളിലാണ് ജോസഫ് വിഭാഗം മത്സരിക്കുന്നത്. തൊടുപുഴയില്‍ പിജെ ജോസഫും, ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജും, കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും മത്സരിക്കും. ഏറ്റുമാനൂര്‍ സീറ്റില്‍ അഡ്വ. പ്രിന്‍സ് ലൂക്കോസ് ആണ് സ്ഥാനാര്‍ഥി. തൃക്കരിപ്പൂരില്‍ കെ.എം മാണിയുടെ മരുമകന് എം.പി ജോസഫാണ് സ്ഥാനാര്‍ഥി.
ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടനും, കോതമംഗലത്ത് ഷിബു തെക്കുംപുറവും, കുട്ടനാട്ടില്‍ അഡ്വക്കേറ്റ് ജേക്കബ് എബ്രഹാമും, ചങ്ങനാശേരിയില്‍ വി.ജെ ലാലിയും മത്സരിക്കും. തിരുവല്ലയില്‍ കുഞ്ഞ് കോശി പോളും സ്ഥാനാര്‍ത്ഥികളാവും.
അഡ്വ. പ്രിന്‍സ് ലൂക്കോസ് (പ്രായം 48):
ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം സ്ഥാനാര്‍ഥിയായാണ് അഡ്വ. പ്രിന്‍സ് ലൂക്കോസ് ജനവിധി തേടുന്നത്. പ്രിന്‍സ് ലൂക്കോസ് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗമാണ്. കേരള കോണ്‍ഗ്രസ് എം സ്ഥാപക നേതാക്കളില്‍ ഒരാളും യൂത്ത് കോണ്‍ഗ്രസിന്റെ ആദ്യ സംസ്ഥാന പ്രസിഡന്റുമായ പാറമ്പുഴ ഒറ്റത്തയ്യില്‍ ഒ.വി ലൂക്കോസിന്റെ മകനാണ് പ്രിന്‍സ്.
എം.ടി സെമിനാരി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും മാന്നാനം കെ.ഇ കോളേജില്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കിയ പ്രിന്‍സ്, തിരുവനന്തപുരം ലോ അക്കാഡമിയില്‍ നിന്നും എല്‍.എല്‍.ബി നേടുകയും ശേഷം എല്‍.എല്‍.എം നേടിയിട്ടുണ്ട്. മാന്നാനം കെ.ഇ കോളേജ് കെ.എസ്.സി യൂണിറ്റ് പ്രസിഡന്റ്, കെ.എസ്.സി നിയോജക മണ്ഡലം പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റ്, ഏറ്റുമാനൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിലെ ഏറ്റവും പ്രായം കുറഞ്ഞ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായും റെക്കോര്‍ഡിട്ടു.
ആനിയമ്മ ലൂക്കോസാണ് മാതാവ്. ഭാര്യ സിന്ധു പ്രിന്‍സ് കാനറാ ബാങ്ക് മാനേജരാണ്. പ്ലസ്ടു വിദ്യാര്‍ത്ഥിനി ഹന്ന പ്രിന്‍സും, മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ലൂക്കാ പ്രിന്‍സുമാണ് മക്കള്‍. കോട്ടയം ബാറിലെ അഭിഭാഷകനും നോട്ടറി പബ്ലിക്കുമാണ് പ്രിന്‍സ് ലൂക്കോസ്.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥികള്‍:
തൊടുപുഴ- പി.ജെ ജോസഫ്
കടുത്തുരുത്തി – അഡ്വ. മോന്‍സ് ജോസഫ്
ചങ്ങനാശേഷി-വി.ജെ ലാലി
ഏറ്റുമാനുര്‍- അഡ്വ. പ്രിന്‍സ് ലൂക്കോസ്
തൃക്കരിപ്പൂര്‍-എം.പി ജോസഫ്
ഇരിങ്ങാലക്കുട- അഡ്വ. തോമസ് ഉണ്ണിയാടന്
തിരുവല്ല-കുഞ്ഞുകോശി പോള്‍
ഇടുക്കി-അഡ്വ.ഫ്രാന്‍സിസ് ജോര്‍ജ്
കുട്ടനാട്- അഡ്വ. ജേക്കബ് എബ്രഹാം
കോതമംഗലം- ഷിബു തെക്കുംപുറം


