കൊല്ലം ഡിസിസി ഓഫിസില്‍ വൈകാരിക പ്രകടനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്ക് പിന്തുണ അറിയിച്ചാണ് പ്രവര്‍ത്തകര്‍ പ്രകടനവുമായി രംഗത്തെത്തിയത്. കൊല്ലത്ത് ബിന്ദു കൃഷ്ണയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞു.
കൊല്ലത്ത് ബിന്ദു കൃഷ്ണയക്ക് സീറ്റ് നിഷേധിച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ബിന്ദു കൃഷ്ണയെ പിന്തുണച്ച് ഒരു വിഭാഗം നേതാക്കള്‍ രാജിവച്ചു. ഇതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ വൈകാരിക പ്രകടനവുമായി രംഗത്തെത്തിയത്. വനിതാ മത്സ്യത്തൊഴിലാളികള്‍ ബിന്ദു കൃഷ്ണയ്ക്ക് പിന്തുണ അറിയിച്ചു.
കുണ്ടറ മണ്ഡലത്തില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതായി ബിന്ദു കൃഷ്ണ പറഞ്ഞു. നാല് വര്‍ഷമായി കൊല്ലം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ധര്‍മ്മടത്തായാലും മത്സരിക്കുന്നതില്‍ ഭയമില്ല. പക്ഷേ, കൊല്ലം മണ്ഡലം ലഭിച്ചില്ലെങ്കില്‍ മത്സര രംഗത്ത് ഉണ്ടാകില്ലെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
അതേസമയം ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി. രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു.
കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നടപടിയില്‍ പ്രതിഷേധിച്ച് ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഉള്‍പ്പെടെ ഇ മെയില്‍ അയച്ചിരുന്നു.
നാലര വര്‍ഷക്കാലം ജില്ലയില്‍ ജനങ്ങള്‍ക്കിടയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ബിന്ദു കൃഷ്ണയെ ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് നേതാക്കള്‍ പറയുന്നത്. ജില്ലയില്‍ കോണ്‍ഗ്രസിന്റെ വിജയത്തെ തന്നെ ഇത് ബാധിക്കുമെന്നും നേതാക്കള്‍ അഭിപ്രായപ്പെടുന്നു.