കോട്ടയം: വൈക്കം കടുത്തുരുത്തി പ്രദേശങ്ങളില്‍ തെരുവു നായകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയതില്‍ പ്രതിഷേധവുമായി മൃഗസ്നേഹികള്‍ രംഗത്ത്. കടുത്തുരുത്തിയിലും പെരുവയിലും പരിസര പ്രദേശങ്ങളിലുമായി പത്തോളം തെരുവുനായ്ക്കളാണ് ചത്തത്. പലതവണ നാട്ടുകാര്‍ക്ക് കടിയേറ്റിട്ടും അധികൃതര്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്ന് നായകളെ വിഷം വെച്ച് കൊന്നതായാണ് ആരോപണം.
തിങ്കളാഴ്ച രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കല്‍, കീഴൂര്‍ എന്നിവിടങ്ങളില്‍ നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്. മുളക്കുളം പഞ്ചായത്തില്‍ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ വൈക്കം പ്രദേശത്ത് മാത്രം ഇരുപതോളം പേര്‍ക്കാണ് നായയുടെ കടിയേറ്റത്.
അക്രമകാരികളായ നായ്ക്കളെ പ്രതിരോധിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിന് പകരം നിരുപദ്രവകാരികളായ നായകളെയടക്കം കൊന്നൊടുക്കിയ നടപടിക്കെതിരെയാണ് മൃഗസ്നേഹികളുടെ പ്രതിഷേധം.


