സ്റ്റോപ്പില്‍ നിര്‍ത്താതെ പോവുന്ന ബസുകാര്‍ക്ക് മധുരം നല്കി പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍. മാവൂര്‍ മഹ്ളറ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തിലായിരുന്നു വേറിട്ട പ്രതിഷേധം.
കോളേജ് വിട്ടാല്‍ പിന്നെ വീടെത്താന്‍ ചില്ലറ പാടല്ല മാവൂര്‍ മഹ്ളറ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ വിദ്യാര്‍ഥിനികള്‍ക്ക്. കോളേജിന് മുന്നിലുള്ള സ്റ്റോപ്പില്‍ ബസ് നിര്‍ത്തില്ല. പലപ്പോഴും പിന്നാലെ ഓടി ബസ്സ് പിടിക്കണം. തൊട്ടപ്പുറത്തുള്ള സ്റ്റോപ്പില്‍ നിന്ന് കയറിയാല്‍ കണ്സഷന് നല്‍കില്ല. പരാതി പറഞ്ഞ് മടുത്തു. അങ്ങനെയാണ് വേറിട്ട രീതിയില്‍ പ്രതിഷേധം അറിയിക്കാന്‍ തീരുമാനിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
യാത്രാപ്രശ്നത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ മാവൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് ബസ് സ്റ്റോപ്പില്‍ ഹോംഗാര്‍ഡിനെ നിയോഗിച്ചിരുന്നു. എന്നാല്‍, കുറച്ച് ദിവസങ്ങളായി ഹോം ഗാര്‍ഡിന്റെ സേവനം ഇവിടെ ഇല്ലായിരുന്നു. ഇതോടെ, പല ബസുകളും സ്റ്റോപ്പില്‍ നിര്‍ത്താതെയായി.
തുടര്‍ന്നാണ് വിദ്യാര്‍ഥിനികള്‍ വൈകീട്ട് മഹ്ളറ ബസ് സ്റ്റോപ്പ് വഴി വന്ന മുഴുവന്‍ ബസുകാര്‍ക്കും മധുരം നല്കി കൈയടിയോടെ ബസുകളെ വരവേറ്റ് പ്രതിഷേധിച്ചത്. വിദ്യാര്‍ഥികള്‍ക്ക് പുറമെ മാവൂര്‍ പാറമല്ലിനും കല്പ്പള്ളിക്കുമിടയിലെ ആളുകള്‍ക്കും ഈ ബസ്റ്റോപ്പ് ആണ് ആശ്രയം.
എന്നാല്‍, ഇവിടെ ബസുകള്‍ക്ക് സ്റ്റോപ്പില്ലെന്നാണ് ബസ് ജീവനക്കാരുടെ വാദം. ഇനിയെങ്കിലും ബസുകള്‍ നിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍.


