കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലെ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച സ്മാര്‍ട്ട് അങ്കണവാടി ആന്റണി ജോണ്‍ എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. മനോഹരമായ ഇരിപ്പിടങ്ങളും കൗതുകം പകരുന്ന ചുവര് ചിത്രങ്ങളും വിനോദോപാധികളും മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ് നവീകരിച്ച കുപ്പശ്ശേരിമോളം അങ്കണവാടിയില്‍ ഒരുക്കിയിരിക്കുന്നത്.
കുട്ടികളുടെ ശാരീരിക-മാനസിക വികാസത്തിനും, ഉല്ലാസത്തിനും ആവശ്യമായ മികച്ച സൗകര്യങ്ങളാണ് സ്മാര്‍ട്ട് അങ്കണവാടികളില്‍ ക്രമീകരിക്കുന്നതെന്നും സ്വന്തം വീട്ടിലേതുപോലുള്ള അന്തരീക്ഷമാണ് ഇതുവഴി സൃഷ്ടിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ, പ്രതിഭാ പുരസ്കാര വിതരണവും ഓണസദ്യയും ഒരുക്കിയിരുന്നു.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മജീദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശോഭാ വിനയന്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മൃദുല ജനാര്ദ്ദനന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എന്‍.ബി ജമാല്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എം.എം അലി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷഹന അനസ്, ഷാഹിദാ ഷംസുദ്ദീന്, ബീന ബാലചന്ദ്രന്, സീന എല്‍ദോസ്, അരുണ്‍ സി. ഗോവിന്ദ്, കെ.കെ നാസര്‍, നാസര്‍ വട്ടേക്കാടന്‍, സിന്ധു പ്രവീണ്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ.എം അസീസ് പൊതുപ്രവര്‍ത്തകരായ സി.ഇ നാസര്‍, കെ.കെ ബഷീര്‍, പി.എച്ച് ഷിയാസ്, പി.എം ഷിഹാബ് തുടങ്ങിയവര്‍ പങ്കെടുത്തു.


