കോട്ടയം: വീട്ടിലേക്ക് അടര്‍ന്നു വീണ മണ്ണ് മാറ്റാനാകാതെ ദുരിതത്തിലായി കോട്ടയം പൊന്‍കുന്നത്ത് ഒരു കുടുംബം. കളക്ടറുടെ ഉത്തരവുണ്ടായിട്ടും നിയമത്തിന്റെ നൂലാമാലകളില്‍ കുരുങ്ങി നില്‍ക്കുകയാണ് സാബുവും കുടുംബവും. ജീവിത സമ്പാദ്യമായ വീടിന്റെ മുകളിലേക്ക് ഇടിഞ്ഞ് വീണ മണ്ണു നീക്കാനുള്ള ശ്രമം സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് തടഞ്ഞെന്ന ആരോപണവും ഉയരുന്നു.
ഒക്ടോബര്‍ പതിനാറിലെ കനത്ത മഴയില്‍ തൊട്ടടുത്ത ഉയരമുള്ള പറമ്പ് സാബുവിന്റെ വീട്ടിലേക്ക് അടര്‍ന്നു വീഴുകയായിരുന്നു. വീടിന്റെ കരുത്ത് കുടുംബത്തിന് രക്ഷയായി. പക്ഷേ ഉപജീവന മാര്‍ഗമായിരുന്ന വര്‍ക്ക്ഷോപ്പ് നാമാവശേഷമായി. വീടിന്റെ ഭിത്തിയില്‍ ഇടിച്ച് നില്ക്കുന്ന ടണ്‍ കണക്കിന് മണ്ണാണ് ഇപ്പോള്‍ ഈ കുടുംബത്തിന്റെവേദന. വസ്തു ഉടമയുടെ ചെലവില്‍ മണ്ണുനീക്കി കല്‍ഭിത്തി നിര്‍മ്മിച്ച് നല്‍കണമെന്ന് കളക്ടറുടെ ഉത്തരവുണ്ട്. പക്ഷേ വസ്തു ഉടമയായ ക്ഷേത്രം ട്രെസ്റ്റിന് ജിയോളജി വകുപ്പില്‍ ഉടമസ്ഥാവകാശ രേഖ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല.
രേഖയില്ലാതെ മണ്ണെടുപ്പിന് അനുമതി നല്കാന് കളക്ടറുടെ പ്രത്യേക ഉത്തരവ് വേണം. ദുരന്ത ബാധിതന് എന്ന നിലയില്‍ മണ്ണെടുപ്പിന് സാബുവിന് അനുമതി കിട്ടുമായിരുന്നു. മണ്ണുവിറ്റ് ലോയല്‍റ്റി തുക കണ്ടെത്താന്‍ കളക്ടര്‍ ആദ്യം അനുമതി നല്‍കിയിരുന്നു. പക്ഷേ മണ്ണ് വില്‍ക്കാനുള്ള സാബുവിന്റെ ശ്രമം പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ ശ്രീകുമാര്‍ തടഞ്ഞു. താന്‍ കൊണ്ടുവന്ന ആളെ മണ്ണെടുക്കാന്‍ സമ്മതിക്കില്ലെന്ന് ശ്രീകുമാര്‍ ഭീഷണിപ്പെടുത്തിയെന്ന് സാബു പറയുന്നു.
540 ലോഡ് മണ്ണിന് അഞ്ചു ലക്ഷത്തോളം രൂപ വില വരും. ഈ മണ്ണിനായി മണ്ണ് മാഫിയയുടെ നീക്കങ്ങളും സജീവമെന്ന് സംശയിക്കാം. വാസയോഗ്യമല്ലാത്ത വീട്ടില്‍ നിന്ന് ഇവരെ മാറ്റി പാര്‍പ്പിക്കാനുള്ള ഉത്തരവാദിത്തം പഞ്ചായത്ത് സെക്രട്ടറിക്കെന്ന കളക്ടറുടെ ഉത്തരവിനും പുല്ലുവിലയാണ്. വീട്ടു വാടക പോലും സാബുവിന് കണ്ടെത്താന്‍ കഴിയുന്നില്ല.


