ഇന്ന് ശ്രീകൃഷ്ണ ജയന്തി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍ തുടക്കമായി. വലിയ ആഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് ഇത്തവണ അഷ്ടമിരോഹിണി നാളിലെ കണ്ണന്റെ പിറന്നാളാഘോഷം. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ക്ഷേത്രത്തില്‍ ഇന്നുമുതല്‍ ഭക്തരെ പ്രവേശിപ്പിക്കും. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ആയിരം പേര്‍ക്കാണ് ദിവസേന ദര്‍ശനം അനുവദിക്കുക. നാലമ്പലത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനമില്ല. കൃഷ്ണനാട്ടം, തുലാഭാരം തുടങ്ങിയ വഴിപാടുകള്‍ക്ക് ഇന്നുമുതല്‍ തുടക്കമാകും. കൊവിഡ് പ്രോട്ടോക്കോളിനെ തുടര്‍ന്ന് അഷ്ടമി രോഹിണി ദിനത്തിലെ ശോഭയാത്ര ഒഴിവാക്കിയിട്ടുണ്ട്.
കൊവിഡ് നിയന്ത്രണം പാലിച്ചു കൊണ്ടാണ് ചടങ്ങുകള്‍. വെര്‍ച്വല്‍ ക്യു വഴിയുള്ള ദര്‍ശനം 9.30ന് ആരംഭിക്കും. ക്ഷേത്രത്തിനകത്ത് ഒരുസമയം 50 പേരില്‍ കൂടുതല്‍ ഭക്തര്‍ ഉണ്ടാകാത്ത വിധത്തിലാകും ക്രമീകരണം. ഭക്തര്‍ക്ക് പരിമിതമായ തോതില്‍ നിവേദ്യങ്ങളും ഇന്ന് മുതല്‍ നല്‍കും.
ആറന്മുളയില് ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് അഷ്ടമിരോഹിണി വള്ളസദ്യ നടക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ മാത്രമാണ് നടക്കുക. ചടങ്ങുകളിലേക്ക് ഭക്തക്ക് പ്രവേശനം ഇല്ല. ആകെ 32 പേര്‍ക്ക് മാത്രമാണ് സമൂഹ വള്ളസദ്യയില്‍ പ്രവേശനം. ഇതില്‍ 24 പേരും പള്ളിയോടത്തില്‍ വരുന്നവരാണ്. ബാക്കിയുള്ളവര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളും പള്ളിയോട സേവ സംഘം ഭാരവാഹികളുമാണ്. ളാക ഇടയാറന്മുള പള്ളിയോടത്തില്‍ മധ്യമേഖലയില്‍ നിന്നുള്ള കരക്കാരാണ് സമൂഹ വള്ളസദ്യയില്‍ പങ്കെടുക്കുക. പതിവിന് വിപരീതമായി ക്ഷേത്ര പരിസരത്തിന് പുറത്താണ് വള്ളസദ്യ നടക്കുന്നത്.