വയനാട് മുട്ടില്‍ മരംമുറി വിവാദം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. പൊലീസിന്റെയും വനംവകുപ്പിന്റെയും അന്വേഷണത്തിന് പിന്നാലെ കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥര്‍ വിവര ശേഖരണം തുടങ്ങി. തടികടത്ത് മാഫിയയും ഉദ്യോഗസ്ഥരുമായി വ്യാപകമായി കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇ.ഡിയുടെ നിഗമനം. ആരോപണ വിധേയരായ വനം റവന്യൂ ഉദ്യോഗസ്ഥരുടെ മുന്‍കാല സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും.
റവന്യൂ ഉദ്യോഗസ്ഥരുടെ പരാതിയില്‍ പൊലീസും വനംവകുപ്പ് സ്വന്തം നിലയിലും മരംമുറിക്കടത്ത് അന്വേഷിക്കുന്നുണ്ട്. വയനാട്, എറണാകുളം ജില്ലകളിലായുള്ള അന്വേഷണത്തില്‍ ഓരോ ദിവസവും പുറത്ത് വരുന്നത് തട്ടിപ്പിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാട് നടന്നുവെന്ന വിവരങ്ങളും. കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് വനം റവന്യൂ ഉദ്യോഗസ്ഥര്‍ കമ്മിഷന് വ്യവസ്ഥയില്‍ കാര്യമായി സഹായം ചെയ്തിട്ടുണ്ട്. ഇടപാടുറപ്പിക്കുന്നതില്‍ കൂടിയ അളവില്‍ കള്ളപ്പണം കൈമാറിയിട്ടുണ്ടെന്നാണ് ഇ.ഡിയുടെ പ്രാഥമിക നിഗമനം.
പ്രതികളെ സഹായിച്ചതിനും ഒത്താശ ചെയ്തതിലും കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട്. വനംവകുപ്പ് വിജിലന്‍സിന്റെ നിരീക്ഷണത്തിലുള്ള നാല് ഉദ്യോഗസ്ഥര്‍ക്ക് മരംമുറി കടത്തിനെക്കുറിച്ച് മുഴുവന്‍ കാര്യങ്ങളുമറിയാം. റവന്യൂ ഉദ്യോഗസ്ഥരില്‍ ചിലര്‍ അമിതാവേശം കാണിച്ചതും ഈ ഉദ്യോഗസ്ഥരുടെ ഇടപെടലിനെത്തുടര്‍ന്നാണ്.
ഇവരുടെ മുന്‍കാല പശ്ചാത്തലം ഇ.ഡി വിശദമായി പരിശോധിക്കും. ബാങ്ക് ഇടപാടുകളും അടുത്തിടെയുണ്ടായ ഭൂമി രജിസ്ട്രേഷനും അന്വേഷണപരിധിയില്‍ വരും. പൊലീസ്, റവന്യൂ, ഉദ്യോഗസ്ഥരുമായും ഇക്കാര്യത്തില്‍ ഇ.ഡി ആശയവിനിമയം നടത്തും. മറ്റ് ജില്ലകളിലെ സമാന സ്വഭാവമുള്ള മരംമുറി പരാതികള്‍ തെളിയാന്‍ അന്വേഷണം സഹായിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വയനാട്ടിലെ വിവാദ മര വ്യവസായ ഏജന്‍സിയുടെ ഓഡിറ്റ് വിവരങ്ങളും ഇ.ഡി പരിശോധിക്കും


