വിവാദങ്ങള്‍ക്കിടെ ഔദ്യോഗിക പരിപാടികളില്‍ നിന്നും വിട്ട് നിന്ന് കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 80-ാം വാര്‍ഷികം ആചരിക്കുന്ന പരിപാടിയില്‍ നിന്നാണ് മേയര്‍ വിട്ടു നിന്നത്. മേയര്‍ തന്നെയായിരുന്നു പരിപാടിയുടെ ഉദ്ഘാടക. പിആര്‍ഡിയും മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്രവിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
അതേസമയം ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കേണ്ടത് കൊണ്ടാണ് മേയര്‍ എത്താതിരുന്നതെന്നും മനപൂര്‍വ്വം വിട്ടുനിന്നതല്ലെന്നും മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ പറഞ്ഞു. ഇക്കാര്യം സംഘാടകരെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നും തോട്ടത്തില്‍ രവീന്ദ്രന് കൂട്ടിചേര്‍ത്തു.
ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച മേയറുടെ നടപടിയാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഇത് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലാപാടുകള്‍ക്ക് കടക വിരുദ്ധമാണെന്ന് ചൂണ്ടികാട്ടി സിപിഐഎം മേയറെ പരസ്യമായി തള്ളുകയും ചെയ്തു.
മേയര്‍ വിവാദം ഒഴിവാക്കാന്‍ ശ്രദ്ധിക്കണമായിരുന്നുവെന്നും പരിചയക്കുറവ് ആകാം പരിപാടിയില്‍ പങ്കെടുക്കാന്‍ കാരണമെന്നും തോട്ടത്തില്‍ രവീന്ദ്രന് പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുമ്പ് പാര്‍ട്ടിയോട് ആലോചിക്കണമായിരുന്നുവെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു.


