വിശാല കൊച്ചി മേഖലയുടെ സമഗ്ര വികസനത്തിനുതകുന്ന 73980 കോടി രൂപയുടെ വികസന പദ്ധതികള്‍ ചീഫ് സെക്രട്ടറി വി.പി. ജോയിക്ക് മുന്നില്‍ അവതരിപ്പിച്ച് ജി.സി.ഡി.എ. അടിസ്ഥാന സൗകര്യ വികസനം മുതല്‍ പാര്‍പ്പിടവും വിനോദ, സാംസ്കാരിക കേന്ദ്രങ്ങളും വരെ ഉള്‍പ്പെടുന്ന വിവിധ പദ്ധതികളാണ് മറ്റ് വകുപ്പുകളുമായി സഹകരിച്ച് നടപ്പാക്കാമെന്ന് ജി.സി.ഡി.എ നിര്‍ദേശിച്ചത്.
ജി.സി.ഡി.എ ചെയര്മാന് കെ. ചന്ദ്രന്‍പിള്ളയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് അതോറിറ്റി ആസ്ഥാനത്തെത്തിയ ചീഫ് സെക്രട്ടറി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജി.സി.ഡി.എ സെക്രട്ടറി കെ.വി. അബ്ദുള്‍ മാലിക്കാണ് പദ്ധതികള്‍ സംബന്ധിച്ച അവതരണം നടത്തിയത്. മേയര്‍ എം. അനില്‍കുമാര്‍, കെ.ജെ. മാക്സി എം.എല്‍.എ, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, കൊച്ചി സ്മാര്‍ട് മിഷന് സി.ഇ.ഒ എസ്. ഷാനവാസ്, സബ് കളക്ടര്‍ പി. വിഷ്ണുരാജ് എന്നിവരും വിവിധ വകുപ്പുകളുടെയും കൊച്ചി മെട്രോ റെയിലിന്റെയും ഉന്നതോദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
ജി.സി.ഡി.എയുടെ തനത് പദ്ധതികള്‍ക്ക് പുറമെ കൊച്ചി കോര്പ്പറേഷന്, സര്‍ക്കാര്‍ വകുപ്പുകള്‍, കൊച്ചി സ്മാര്‍ട്ട് മിഷന്, കൊച്ചി മെട്രോ എന്നിവയുമായി ചേര്‍ന്ന് നടപ്പാക്കാവുന്ന പദ്ധതികളും യോഗത്തില്‍ അവതരിപ്പിച്ചു. കൊച്ചിയുടെ സമഗ്രവും സുസ്ഥിരവുമായ ഭാവി വികസനം ലക്ഷ്യമിടുന്നവയാണ് ഈ പദ്ധതികളെന്ന് ജി.സി.ഡി.എ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള പറഞ്ഞു.
കൊച്ചി സ്മാര്‍ട് മിഷന് ലിമിറ്റഡിന്റെ സഹായത്തോടെ നടപ്പാക്കാവുന്ന എട്ട് പദ്ധതികളുടെ വിശദ പദ്ധതി രേഖ തയാറായിട്ടുണ്ട്. 47 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതികള്‍ക്ക് ആദ്യഘട്ടമായി 13.32 കോടി രൂപയ്ക്ക് സി.എസ്.എം.എല്‍ അംഗീകാരം നല്കി. മറൈന്‍ഡ്രൈവിന്റെയും രാജേന്ദ്രമൈതാനത്തിന്റെയും നവീകരണം ഇതില്‍ ഉള്‍പ്പെടുന്നു.
ചങ്ങമ്പുഴ പാര്‍ക്ക് വികസനം, ഏഴ് കേന്ദ്രങ്ങളില്‍ ടോയിലറ്റ് കോംപ്ലക്സുകള്‍, പ്രാദേശിക പാര്‍ക്കുകളുടെ നവീകരണം, ലൈഫ് മിഷനുള്ള സഹായം എന്നിവയ്ക്കും സി.എസ്.എം.എല്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. മുണ്ടംവേലിയില്‍ സൂവിജ് ട്രീറ്റ്മെന്റ് പ്ലാന്റ്, കലൂര്‍ മാര്‍ക്കറ്റ് നവീകരണം, വിമന്‍ ഫിറ്റ്നസ് സെന്റര്‍, സ്പോര്‍ട്സ് അരീന എന്നിവ പരിഗണനയിലാണ്.
കൊച്ചി ഇക്കോണമിക് സിറ്റി, ഫിലിം സിറ്റി:
കടല്‍ നിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് സാമ്പത്തിക- സാമൂഹ്യ മേഖലകള്‍ കൂടുതല്‍ ഉയരമുള്ള പ്രദേശങ്ങളിലേക്ക് കാലക്രമേണ മാറ്റണം. അതിനായി നിലവിലുള്ള നഗരപരിധിക്ക് പുറത്ത് അഞ്ചോളം പ്രത്യേക സാമ്പത്തിക മേഖലകളാണ് പദ്ധതിയുടെ ലക്ഷ്യം. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാവുന്ന പദ്ധതിക്കായി 2500 ഏക്കറോളം ഭൂമി വേണ്ടി വരും. ഫിലിം സിറ്റി, ദേശീയ – സംസ്ഥാന പാതകളിലേക്ക് റോഡുകള്‍ എന്നിവയും ഇതിന്റെ ഭാഗമാണ്. പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ ലാന്‍ഡ് പൂളിംഗ് മാതൃകയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഈ പദ്ധതിയ്ക്ക് 70,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
സാധാരണക്കാര്‍ക്ക് ഭവനം:
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും അതേസമയം സര്‍ക്കാര്‍ ഭവന പദ്ധതികളുടെ പരിധിയില്‍ വരാത്തവരുമായ വിഭാഗങ്ങള്‍ക്കുമായി 50 ശതമാനം പലിശ സബ്സിഡിയോടെ നടപ്പാക്കാവുന്ന പദ്ധതിയാണ് ജി.സി.ഡി.എ വിഭാവനം ചെയ്യുന്നത്. പതിനായിരം ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 3000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കാക്കനാട് ജി.സി.ഡി.എയുടെ ഉടമസ്ഥതയിലുള്ള 1.4 ഏക്കര്‍ സ്ഥലത്ത് പൈലറ്റ് പദ്ധതി നടപ്പാക്കും.
മുണ്ടംവേലിയില്‍ പി ആന്റ് ടി കോളനിവാസികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മാണം സെപ്തംബറില്‍ പൂര്‍ത്തിയാകും. ലൈബ്രറി, റീഡിംഗ് റൂം, മെഡിക്കല്‍ റൂം, നഴ്സറി, കമ്യൂണിറ്റി ഹാള്‍ എന്നിവയോടെയാണ് സമുച്ചയം ഒരുങ്ങുന്നത്.
നഗര പുനരുജ്ജീവനം:
പനമ്പിള്ളിനഗര്‍ ഭവനപദ്ധതി പ്രദേശത്ത് നാശോന്മുഖമായ വീടുകള്‍ സ്ഥിതി ചെയ്യുന്ന മേഖലകളുടെ നവീകരണത്തിന് നൂറു കോടി രൂപയുടെ പദ്ധതി. ബഹുനില പാര്‍പ്പിട സമുച്ചയങ്ങളിലേക്കുള്ള പുനരധിവാസം, സാമൂഹ്യ – സാമ്പത്തിക വികസന പരിപാടികള്‍ എന്നിവ പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാകും.
കായിക രംഗം:
കായിക രംഗത്ത് കൊച്ചിയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനായി രാജ്യാന്തര സ്റ്റേഡിയം നവീകരണം, അംബേദ്കര്‍ സ്റ്റേഡിയം കേന്ദ്രീകരിച്ച് അംബേദ്കര്‍ സ്പോര്‍ട്സ് സൊസൈറ്റി, ജി.സി.ഡി.എയുടെ ഏകോപനത്തില്‍ സ്വകാര്യ ഏജന്‍സികളെ സഹകരിപ്പിച്ച് കൊച്ചി സ്പോര്‍ട്സ് സിറ്റി, കേരള ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം എന്നിവയാണ് കായികമേഖലയ്ക്കായി ജി.സി.ഡി.എ മുന്നോട്ടു വച്ചത്.
കല, സംസ്കാരം:
ചലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായി കൊണ്ടിരിക്കുന്ന കൊച്ചിയില്‍ ഈ മേഖലയ്ക്കാവശ്യമായ സൗകര്യങ്ങളൊരുക്കും..