വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ നായരുടെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവം വിവാദമാകുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും വിഷയം കെ.പി.സി.സി അധ്യക്ഷന്റേയും പ്രതിപക്ഷ നേതാവിന്റേയും ശ്രദ്ധയില്‍പ്പെടുത്തിയെന്നും വീണ പറഞ്ഞു.
സംഭവം താന്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. ഉടന്‍ തന്നെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ഫോണില്‍ ബന്ധപ്പെട്ടു. നടപടി സ്വീകരിക്കുമെന്നാണ് ലഭിച്ച മറുപടിയെന്നും വീണ പറഞ്ഞു.
പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച ദൗത്യം ഭംഗിയായി ചെയ്തു. രണ്ടര മണിക്കൂര്‍ മാത്രം ഉറങ്ങി പ്രചാരണത്തിനിറങ്ങിയ ദിവസങ്ങളുണ്ട്. ആ സമയങ്ങളില്‍ തനിക്കൊപ്പം നിന്നവരുണ്ട്. ഒരു വനിത എന്നത് പരിമിധിയാകാതെ മനുഷ്യ സാധ്യമാകുന്ന രീതിയില്‍ പറ്റുന്നതെല്ലാം ചെയ്തു. ഒപ്പം നിന്നവര്‍ അത് ചെയ്യുമെന്ന് കരുതുന്നില്ല. ആരാണ് ചെയ്തതെന്ന് കണ്ടുപിടിക്കാന്‍ താന്‍ ആളല്ല. അത് പാര്‍ട്ടി ചെയ്യുമെന്നും വീണ പ്രതികരിച്ചു.


