വയനാട് ബത്തേരിയിലിറങ്ങിയ പിഎം 2 എന്ന കാട്ടാനയെ ഇന്ന് മയക്കുവെടിവച്ച് പിടികൂടും. ജനവാസ മേഖലയോട് ചേര്‍ന്ന വനത്തില്‍ നിലയുറപ്പിച്ച കാട്ടാന വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ചീഫ് വെറ്റിനറി ഫോറസ്റ്റ് ഓഫീസര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ആര്‍ആര്‍ടി സംഘമാണ് ആനയെ പിടികൂടാനുള്ള ദൗത്വത്തിലുള്ളത്. മുത്തങ്ങ ആന പരിശീലനകേന്ദ്രത്തില്‍ നിന്നെത്തിച്ച രണ്ട് കുങ്കിയാനകളുമായി വനം വകുപ്പ് സംഘം കാട്ടാനയെ പിടികൂടാനുള്ള നടപടികള്‍ തുടങ്ങി.
മയക്കുവെടിവച്ച് പിടികൂടുന്ന പി എം 2 കാട്ടാനായ മുത്തങ്ങ ആനപന്തിയിലെ കൂട്ടില്‍ അടച്ച് മെരുക്കും. ആനയെ വനത്തിനുള്ളിലേക്ക് തുരത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് മയക്കുവെടിവച്ച് പിടികൂടാന്‍ തിരുമാനിച്ചത്. അതേസമയം മയക്കുവെടിവയ്ക്കാന്‍ ഉത്തരവിറക്കുന്നതില്‍ കാലതാമസം വരുത്തിയതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഗംഗാ സിങ്ങിനോട് വനം മന്ത്രി എ കെ ശശീന്ദ്രന് വിശദീകരണം തേടി.
ഉന്നത ഉദ്യോഗസ്ഥരുടെ ഇത്തരം നിലപാടുകള്‍ അംഗീകരിക്കാനാകില്ലെന്നും മറുപടി തൃപ്തികരമല്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കാട്ടാനയെ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ചസംഭവിച്ചതായി വ്യാപകമായ വിമര്‍ശനം ഉയരുന്നുണ്ട്.


