മുവാറ്റുപുഴ : പായിപ്ര പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് കമ്പനികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കണമെന്ന് താലൂക്ക് വികസന സമിതിയില്‍ പരാതി. ലൈസന്‍സ് ലഭിച്ചു പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം നിയമ വിരുദ്ധമായാണ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിഷയം ഉന്നയിച്ച കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍ പറഞ്ഞു.
വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് തൊഴില്‍, ആരോഗ്യം, പോലീസ് വകുപ്പുകളെ സമിതി ചുമതലപ്പെടുത്തി. അടുത്ത സമിതി യോഗത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.
നിലവില്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്ന കമ്പനികള്‍ ഉണ്ടാക്കുന്ന പരിസ്ഥിതിക സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ രൂക്ഷമാണെന്ന് സാബു ജോണ്‍ പറഞ്ഞു. തടി വ്യവസായത്തില്‍ നിന്നും വ്യത്യസ്തമായി അപകടകരമായ രാസവസ്തുക്കള്‍ ഗണ്യമായ അളവില്‍ ഉപയോഗിച്ചാണ് പ്ലൈവുഡ് നിര്‍മ്മിക്കുന്നത്. ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ വളരെ അടുത്ത നാളുകളില്‍ തന്നെ വ്യാപകമായി അനുഭവപ്പെട്ടു തുടങ്ങും. പാരിസ്ഥിതിക അപകടങ്ങളെക്കുറിച്ചോ സാധ്യമായ പാരിസ്ഥിതിക നിയന്ത്രണങ്ങളെക്കുറിച്ചോ വേണ്ടത്ര അവബോധം ഈ കമ്പനികള്‍ക്ക് ഇല്ല എന്നതാണ് യാഥാര്‍ഥ്യമെന്ന് സാബു ജോണ്‍ ചൂണ്ടിക്കാട്ടി.
കമ്പനികളില്‍ തൊഴില്‍ എടുക്കുന്നവരില്‍ ഭൂരിഭാഗവും കുടിയേറ്റ തൊഴിലാളികളാണ്. അസം, ബംഗാള്‍, ഒറീസ, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുള്ള തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്.
വൃത്തിഹീനമായ ക്യാമ്പുകളിലാണ് ഇവിടെ തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്നത്. പലപ്പോഴും കമ്പനികളുടെ പരിസരത്ത് തന്നെയാണ് ഇവരുടെ താമസവും. പരിമിതമായ സ്ഥലത്ത് ധാരാളം തൊഴിലാളികള്‍ തിങ്ങിക്കൂടിയിരികയാണ്. അപര്യാപ്തമായ ശുചിമുറി സൗകര്യങ്ങളാണ് ഇവിടെ ഉള്ളത്. വളരെ മോശമായ സാഹചര്യത്തിലാണ് ഇവര്‍ ഭക്ഷണം കഴിക്കുന്നത് തന്നെ. ഇതൊക്കെ സാമൂഹ്യമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.
ഇവിടുങ്ങളിലെ ജീവിതം അവരെ മലേറിയ, ചിക്കന്‍ പോക്സ്, മറ്റ് രോഗങ്ങള്‍ തുടങ്ങിയ പകര്‍ച്ചവ്യാധികളുടെ ദ്രുതഗതിയിലുള്ള വ്യാപനത്തിന് ഇരയാക്കി മാറ്റുന്നു. ഇത് പൊതു സമൂഹത്തിലേക്കും പടരുന്നു. വൃത്തിഹീനമായ ടോയ്ലറ്റ് ആയതിനാല്‍ മലിനീകരണം വെള്ളത്തിലേക്ക് ആഴ്ന്നിറങ്ങുന്നു, ഇത് പൊതു സമൂഹത്തിന് വ്യാപകമായി പ്രശ്നമുണ്ടാക്കുന്നുണ്ട്.
ആയവന, കല്ലൂര്‍ക്കാട് പഞ്ചായത്തുകളിലും സമാന സ്വഭാവമുള്ള അവസ്ഥയാണ് ഉള്ളതെന്ന് കോണ്‍ഗ്രസ് മഞ്ഞള്ളൂര്‍ ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് കടയ്ക്കോട് പറഞ്ഞു. പരിസ്ഥിതി മലിനീകരണം ഇപ്പോള്‍ ഗുരുതരമായി പഞ്ചായത്തിലെ ജനങ്ങളുടെ ജീവിത നിലവാരം നശിപ്പിക്കുന്ന അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ. പി. ബേബി, കെ പി എബ്രഹാം, ആര്.ഡി.ഒ പി.എന്‍ അനി, തഹസീല്‍ദാര്‍ രഞ്ജിത് ജോര്‍ജ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.