മലപ്പുറം: തവനൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മന്ത്രി കെടി ജലീലിനെതിരെ സന്നദ്ധ പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ സാധ്യതാ പട്ടികയില്‍ ഫിറോസ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിവരം. ലീഗിന്റെ താല്‍പ്പര്യം കൂടി പരിഗണിച്ച ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക. കൈപ്പത്തി ചിഹ്നത്തില്‍ ഫിറോസ് കുന്നംപറമ്പിലിനെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
കോണ്‍ഗ്രസ് സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചതോടെയാണ് ഫിറോസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നിര്‍ണായക വിവരം പുറത്ത് വരുന്നത്. സ്ഥാനാര്‍ത്ഥിത്വത്തിന് നേരത്തെ സന്നദ്ധതയറിയിച്ചിരുന്നെങ്കിലും ഇപ്പോഴാണ് ഫിറോസിനെ മുതിര്‍ന്ന നേതാക്കള്‍ ബന്ധപ്പെടുന്നത്.
തവനൂരില്‍ ഇത്തവണയും എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജലീല്‍ ആണെന്ന് ഉറപ്പായതോടെയാണ് ഫിറോസിനെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇതിനായി സ്ക്രീനിംഗ് കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം ഫിറോസുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കാനാണ് യു.ഡി.എഫ് നീക്കം. വളരെ നേരത്തെ തന്നെ ജലീലിനെതിരെ മത്സരിക്കന്‍ തയ്യാറാണെന്ന് ഫിറോസ് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഫിറോസിനെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
മണ്ഡലം നിലവില്‍ വന്നതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കെടി ജലീലാണ് ഇവിടെ നിന്ന് വിജയിച്ചത്. പിണറായി മന്ത്രിസഭയില്‍ അംഗമായ ജലീലിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മന്ത്രിക്കെതിരെ നടത്തിയ അന്വേഷണത്തില്‍ അദ്ദേഹത്തിനെതിരെ ഏജന്‍സികള്‍ക്ക് തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
ആരോപണങ്ങളുടെ സാഹചര്യത്തില്‍ ജനസമ്മതനായ ഒരാളെ നിര്‍ത്തി മണ്ഡലം പിടിച്ചെടുക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. എന്നാല്‍ ആരോപണങ്ങളെല്ലാം ജനം തള്ളുമെന്ന വിശ്വാസത്തിലാണ് ജലിലും സിപിഎമ്മും മുന്നോട്ട് പോകുന്നത്. 2011ല്‍ തവനൂരിലെ ആദ്യ തെരഞ്ഞെടുപ്പില്‍ 6,854 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ജലീല്‍ ജയിച്ചത്. എന്നാല്‍ 2011ല്‍ ഭൂരിപക്ഷം 17,064 വോട്ടുകളായി ഉയര്‍ത്താന്‍ ജലീലിന് കഴിഞ്ഞു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി ഇഫ്ത്തിഖാറുദ്ദീന് മാസ്റ്ററായിരുന്നു തവനൂരില്‍ മത്സരിച്ചത്. സിറ്റിങ്ങ് എംഎല്‍എയായ കെടി ജലീലിന് 68,179 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ജനപിന്തുണ 51,115 വോട്ടുകളില്‍ ഒതുങ്ങി. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന രവി തേലത്തിന് 15,801 വോട്ടുകളും ലഭിച്ചിരുന്നു. ബിജെപി സ്ഥാനാര്‍ഥിയ്ക്ക് 5.31 ശതമാനം വോട്ട് വര്‍ധിച്ചപ്പോള്‍ കോണ്‍ഗ്രസിന് നഷ്ടമായത് 5.64 ശതമാനം വോട്ടുകള്‍. എല്‍ഡിഎഫിന്റെ വോട്ടില്‍ 0.77 ശതമനാത്തിന്റെ വളര്‍ച്ചയും ഉണ്ടായി.


