സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. കോട്ടയം ഏറ്റുമാനൂരിലാണ് ചായക്കട ഉടമയെ കടയ്ക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പുന്നത്തുതുറ കറ്റോഡ് ജംഗ്ഷനില്‍ ചായക്കട നടത്തുകയായിരുന്ന കണിയാം കുന്നേല്‍ കെടി തോമസ് (60) ആണ് മരിച്ചത്. കടയ്ക്കുള്ളിലാണ് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊവിഡ് സാഹചര്യങ്ങള്‍ തോമസിന്റെ വ്യാപാരം പ്രതിസന്ധിയിലാക്കിയിരുന്നു എന്നും ഇതിന്റെ മനോവിഷമത്തിലായിരുന്നു ഇദ്ദേഹമെന്നും ബന്ധുക്കള്‍ പ്രതികരിച്ചു.
വ്യാഴാഴ്ച വൈകീട്ടോടെയാണ് ഇദ്ദേഹത്തെ കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടയുടെ ഷട്ടര്‍ താഴ്ത്തിയിട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധിച്ചപ്പോഴായിരുന്നു ഇദ്ദേത്തെ തുങ്ങിയ നിലയില്‍ കണ്ടെത്തിയത്. നേരത്തെ ബേക്കറി നടത്തിയിരുന്ന ഇദ്ദേഹം പിന്നീടാണ് ചായക്കടയിലേക്ക് മാറിയത്. ഭാര്യ റിനി, മക്കള്‍: ജെറി, ജിനു.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേരാണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനൊടുക്കിയ സംഭവങ്ങള്‍ പുറത്ത് വരുന്നത്. വ്യാഴാഴ്ച മാത്രം വിവിധ ഇടങ്ങളിലായി മൂന്ന് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കിയില്‍ ഒന്നും കോഴിക്കോട് രണ്ടും ആത്മഹത്യകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയാണ് മൂന്ന് ആത്മഹത്യകള്‍ക്കും കാരണമെന്നാണ് ലഭിക്കുന്ന വിവരം.
ഇടുക്കിയില്‍ തൊട്ടിക്കാനത്ത് കടയുടമ കുഴിയമ്പാട്ട് ദാമോദരന്‍ (67) വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ദാമോദരന്റെ കടയ്ക്കുള്ളലാണ് മൃതദേഹം കണ്ടെത്തിയത്. കടബാധ്യത മൂലമെന്ന് നിഗമനം. സമാനമായി കോഴിക്കോട് അത്തോളിയില്‍ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോതങ്കല്‍ പിലാച്ചേരി മനോജിനെയാണ് തൂങ്ങി മരിച്ച കണ്ടെത്തിയത്. മനോജിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നെന്നാണ് പ്രാഥമിക വിവരം.
വടകരയില്‍ വാടക ക്വാട്ടേഴ്സില്‍ ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോ ഡ്രൈവറായ വൈക്കിലശ്ശേരി സ്വദേശി ഹരീഷ് ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ഹരീഷിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. ഹരീഷ് തനിച്ചായിരുന്നു ക്വാട്ടേഴ്സില്‍ താമസിച്ചിരുന്നത്. കൊവിഡ് പ്രതിസന്ധിക്കിടയിലെ സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് തുടരെ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.


