കുമരകം: പ്രണയത്തര്‍ക്കത്തെ തുടര്‍ന്ന് ആണ്‍സുഹൃത്ത് തൂങ്ങി മരിക്കുന്നതു കണ്ട് ഭയന്നോടിയ പെണ്‍കുട്ടിയെ ഇന്നലെ രാവിലെ സമീപത്തെ ആളൊഴിഞ്ഞ പൊന്തക്കാട്ടില്‍ കണ്ടെത്തി. ഭയന്നോടിയ താന്‍ ബോധരഹിതയായി കുറ്റിക്കാട്ടില്‍ വീണു പോയതാണെന്നു പെണ്‍കുട്ടി മൊഴി നല്‍കിയതായി ഡിവൈഎസ്പി ജെ. സന്തോഷ് കുമാര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ വൈകിട്ടോടെ വീട്ടിലെത്തിച്ചു.
രാവിലെ പാടത്തു പോത്തിനെ കെട്ടാന്‍ എത്തിയ മാലിക്കായല്‍ സ്വദേശി വിനോദാണ് പെണ്‍കുട്ടിയെ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. പെണ്‍കുട്ടിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്ത് വെച്ചൂര്‍ സ്വദേശി ഗോപി വിജയ് ചീപ്പുങ്കലില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ തൂങ്ങിമരിച്ചു. ആ കാഴ്ച കണ്ടാണ് ഓടിപ്പോയതെന്ന് പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞു.
‘നഴ്സിങ് പഠനത്തിനു ചേരാന്‍ ബംഗളൂരുവില്‍ പ്രവേശനം ലഭിച്ചിരുന്നു. ഇതിനെ ഗോപി എതിര്‍ത്തു. പോകരുതെന്നു പറഞ്ഞു. തിങ്കളാഴ്ച ചീപ്പുങ്കലിലേക്ക് വിളിച്ചു വരുത്തി. ബംഗളൂരുവിലേക്കു പോകരുതെന്ന് വീണ്ടും പറഞ്ഞു. പോകുമെന്നു ഞാന്‍ പറഞ്ഞു. ഉടനെ ആത്മഹത്യക്കുറിപ്പ് എടുത്തു തന്നു.
അതിനു ശേഷം കുരുക്ക് കഴുത്തില്‍ അണിഞ്ഞ് ചാടാന്‍ പോയി. ഗോപിയെ ആദ്യം പിന്തിരിപ്പിച്ചു. ബഹളം വച്ചെങ്കിലും ആരും വന്നില്ല. വിവരം അറിയിക്കാന്‍ പുറത്തേക്ക് ഓടി. തിരികെ വന്നപ്പോള്‍ ഗോപി കയറില്‍ തൂങ്ങിക്കിടക്കുന്നതു കണ്ടു.
ഇതുകണ്ട് ഭയന്നു പോയി. എങ്ങോട്ടോ ഓടി. കുറ്റിക്കാട്ടില്‍ ബോധം കെട്ടു വീണു. രാത്രി പാതി ബോധം തെളിഞ്ഞു.’ പെണ്‍കുട്ടി പൊലീസിനോടു വിവരിച്ചു.
സംഭവ ദിവസം പൊലീസും നാട്ടുകാരും മണിക്കൂറുകള്‍ തിരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല. പൊലീസ് നായ മണം പിടിച്ച് പെണ്‍കുട്ടി കിടന്ന ഭാഗത്ത് എത്തിയിരുന്നു. വെള്ളം നിറഞ്ഞ പ്രദേശമായതിനാല്‍ ഇവിടേക്ക് ആരും ശ്രദ്ധിച്ചില്ല.


