കനത്ത മഴയില്‍ കോട്ടയം ജില്ലയില്‍ പാലാ നഗരത്തില്‍ റോഡ് ഇടിഞ്ഞ് താണു വലിയ ഗര്‍ത്തം രൂപപ്പെട്ടു. കുരിശുപള്ളി ജംഗ്ഷന് സമീപമാണ് സംഭവം. പൊലീസ് എത്തി അപകടം ഉണ്ടാകാത്ത നിലയില്‍ കയര്‍ വലിച്ചു കെട്ടിയിട്ടുണ്ട്. കുഴി രൂപപ്പെട്ടത് രാവിലെ 8 മണിക്കാണ്. കഴിഞ്ഞ ദവസം സമാനമായ രീതിയില്‍ മൂവാറ്റുഴയിലും റോഡ് ഇഡിഞ്ഞ് താണ് വലിയ ഗര്‍ത്തം രൂപപ്പെട്ടിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഗര്‍ത്തം മൂടി ഗതാഗതം പുനസ്ഥാപിക്കാനായത്.
കോട്ടയം ജില്ലയുടെ മലയോര മേഖലകളില്‍ രാത്രിയില്‍ ശക്തമായ മഴ പെയ്തതോടെ നദികളിലെ ജലനിരപ്പ് ഉയര്‍ന്നു. മീനച്ചിലാറിന്റെ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു. പ്രദേശത്ത് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഭരണങ്ങാനം – വിളക്കുമാടം റോഡില്‍ വെള്ളക്കെട്ടുണ്ട്. ജില്ലയില്‍ 37 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 273 കുടുംബങ്ങളിലായി 852 പേര് ക്യാമ്പുകളിലുണ്ട്.
കിഴക്കന്‍ മേഖലകളില്‍ മഴ ഇടവിട്ട് തുടരുന്നതിനാല്‍ പടിഞ്ഞാറന്‍ മേഖലകളിലെ വെള്ളക്കെട്ട് തുടരുന്നു. കാഞ്ഞിരപ്പള്ളിയിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.