പെരുമ്പാവൂര്‍ : വല്ലം കടവ് – പാറപ്പുറം പാലം നിര്‍മ്മിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിന് വേണ്ടി എല്‍ദോസ് കുന്നപ്പള്ളി എം എല്‍ എ പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് കത്തു നല്‍കുകയും, ചട്ടം 304 പ്രകാരം കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ നല്കിയ സബിഷനില് വല്ലം കടവ് – പാറപ്പുറം പാലത്തിന്റെ ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് റീ ടെണ്ടര്‍ നടപടികള്‍ വേഗത്തില്‍ പൂര്ത്തിക്കിയിരിക്കുന്നു. എറണാകുളം വൈറ്റില ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്യാമ ഡൈനാമിക് പ്രൊജക്റ്റ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 11 കോടി 19 ലക്ഷം രൂപയ്ക്കാണ് ടെന്‍ഡര്‍ എടുത്തിരിക്കുന്നത്.
പെരുമ്പാവൂര്‍ മണ്ഡലത്തിലെ വല്ലത്തെയും ആലുവ നിയോജകമണ്ഡലത്തിലെ പാറപ്പുറത്തേയും ബന്ധിപ്പിച്ചു നിര്‍മിക്കുന്നതാണു പാലം. പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എന്നിവര്‍ ശ്രമഫലമായി 2016 ല്‍ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. രണ്ടു വര്‍ഷമായി നിര്‍മാണം സ്തംഭിച്ചു കിടക്കുകയാണ്. പഴയ കരാറുകാരനെ ഒഴിവാക്കി. വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചു. മൂന്നാമത്തെ ടെന്‍ഡറില്‍ ക്വോട്ട് ചെയ്ത തുക എസ്റ്റിമേറ്റിനേക്കാള്‍ 16.33 % അധികമാണ്. ഇതിനു സര്‍ക്കാരിന്റെ അംഗീകാരം ആവശ്യമായിരുന്നു. ആദ്യ കരാറുകാരന് 60 % പണി പൂര്‍ത്തിയാക്കി. 2019 ല്‍ പൂര്‍ണമായി നിര്‍മാണം നിര്‍ത്തിവച്ചു. പുഴയ്ക്കു നടുവില്‍ 4 സ്പാനുകള്‍ സ്ഥാപിക്കുന്ന ജോലിയാണു പ്രധാനമായും അവശേഷിക്കുന്നത്. ഇരു കരകളിലും അപ്രോച്ച് റോഡുകളുണ്ട്. കാലടി പാലത്തിനു സമാന്തരമായി ഉപയോഗിക്കാവുന്ന പാലമാണിത്. 2016 ഡിസംബര്‍ രണ്ടിനു നിര്‍മാണം തുടങ്ങിയതാണ്. കരാര്‍ അനുസരിച്ചു 2018 ഡിസംബറില്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. 22.22 കോടി രൂപയുടേതാണു പദ്ധതി. ഇതില്‍ 12.89 കോടി രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയായപ്പോഴാണു നിര്‍മാണം നിലച്ചത്. 288 മീറ്ററാണു നീളം. 14 മീറ്ററാണു വീതി. ഇതില്‍ 3.25 മീറ്റര്‍ വീതിയില്‍ ഇരുവശത്തും നടപ്പാതയുണ്ടാകും.
പാലം പൂര്ത്തിയായാതോട് കൂടി കൊച്ചി രാജ്യാന്തര വിമാനത്താവളം, തിരുവൈരാണിക്കുളം ക്ഷേത്രം, കാഞ്ഞൂര്‍ ഫൊറോന പള്ളി എന്നിവിടങ്ങളിലേക്കു ഗതാഗതക്കുരുക്കില്‍പെടാതെ എത്താനാകും. കിഴക്കന്‍ ജില്ലകളില്‍ നിന്നെത്തുന്നവര്‍ക്ക് 8 കിലോമീറ്റര്‍ ലാഭിക്കാം. പാറപ്പുറം, വെള്ളാരപ്പിള്ളി, കാഞ്ഞൂര്‍, തുറവുംകര, പുതിയേടം പ്രദേശങ്ങളിലുള്ളവര്‍ക്കു പെരുമ്പാവൂര്‍ പട്ടണത്തിലേക്ക് എളുപ്പം എത്താനാകും.