മലബാറിലെ സ്വകാര്യ ക്ഷേത്രങ്ങളിലെ ആചാര സ്ഥാനികര്‍ക്ക് കേരള സര്‍ക്കാര്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് വഴി നല്കി വരുന്ന ധനസഹായം ഒരു വിഭാഗം ആചാര സ്ഥാനികര്‍ക്ക് ലഭിക്കാതെ അവഗണന നേരിടുകയാണ്. സര്‍ക്കാരിന്റെ ആചാര സ്ഥാനികരോടുള്ള ഈ അവഗണനയ്ക്ക് എതിരെ നവംബര്‍ 9 ന് തീയ്യക്ഷേമസഭ ധര്‍ണ്ണ സമരം നടത്തും. രാവിലെ 10.30 ന് കോഴിക്കോട് മലബാര്‍ ദേവസ്വം ബോര്‍ഡിന് മുന്നിലാണ് ധര്‍ണ്ണ.
2016 മുതല്‍ ധന സഹായ വിതരണത്തിലുള്ള പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇക്കാരണത്താല്‍ 2016 ന് ശേഷം ആചാരപ്പെട്ട സ്ഥാനികര്‍ക്ക് പൂര്‍ണ്ണമായും ധനസഹായം നിഷേധിക്കുകയാണ്. ഉത്തര മലബാറിലെ ആചാര സ്ഥാനികര്‍ക്ക് ആശ്വാസമാകുന്ന പദ്ധതിയില്‍ പുതിയ അപേക്ഷ ക്ഷണിച്ച് മുഴുവന്‍ ആചാര സ്ഥാനികരെയും ഉള്‍പ്പെടുത്തി സഹായം വിതരണം ചെയ്യണമെന്ന ആവശ്യം ശക്തമാവുകയാണ്.
നിലവില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ലിസ്റ്റില്‍ ഉള്ള സമുദായ ക്ഷേത്രങ്ങള്‍ സമുദായങ്ങളുടെ സ്വകാര്യ ക്ഷേത്രങ്ങള്‍ ആണ്. ആ ക്ഷേത്രപരിധിയിലെ സമുദായ കൂട്ടായ്മ നിലനിര്‍ത്താന്‍ ഉപയോഗിച്ച് വരുന്ന കൂട്ടായ്മ സംവിധാനം ആണെന്നും, ദേവസ്വം ബോര്‍ഡ് ലിസ്റ്റില്‍ ഉള്ള സമുദായ ക്ഷേത്രങ്ങള്‍ പൂര്‍ണമായും സമുദായങ്ങള്‍ക്കും, പാരമ്പര്യ അവകാശികള്‍ക്കും വിട്ട് നല്‍കണമെന്നും തീയ്യക്ഷേമസഭ ആവശ്യപ്പെട്ടു.
നേരത്തെ ഇതേ അവശ്യങ്ങള്‍ ഉന്നയിച്ച് നീലേശ്വരം മലബാര്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിനു മുന്നില്‍ തീയ്യക്ഷേമസഭ ധര്‍ണ്ണ സമരം നടത്തിയിരുന്നു. സര്‍ക്കാര്‍ മറുപടി തൃപ്തികരമല്ലത്ത പശ്ചാതലത്തിലാണ് കോഴിക്കോട്ടെ സമരം പ്രഖ്യാപിച്ചത്.
ധര്‍ണ്ണാ സമരത്തില്‍ തീയ്യക്ഷേമസഭ സംസ്ഥാന, ജില്ല, യൂണിറ്റ് കമ്മിറ്റികളിലെ നേതാക്കളും അംഗങ്ങളും പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന ധര്‍ണ്ണ സമരത്തിന് മുഴുവന്‍ വിശ്വാസി സമൂഹത്തിന്റെയും സ്ഥാനികരുടെയും പിന്‍ന്തുണയും പ്രതികരണവും ഉണ്ടാവണം എന്ന് തീയ്യ ക്ഷേമസഭ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.


