തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടറുടെയും നേഴ്സുമാരുടെയും സസ്പെന്ഷന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടറുമാരുടെ സംഘടന ഇന്ന് മുതല്‍ റിലെ നിരാഹാര സമരം തുടങ്ങും. നേഴ്സുമാരുടെ സംഘടന ഇന്ന് കരിദിനം ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സസ്പെന്ഷന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയുമായി ഇന്നലെ രാത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗി പുഴുവരിച്ച സംഭവത്തിലാണ് കൊവിഡ് നോഡല്‍ ഓഫീസറെയും രണ്ട് ഹെഡ് നേഴ്സുമാരെയും സസ്പെന്‍ഡ് ചെയ്തത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി ബഹിഷ്കരിക്കും. കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് എതിരെ നടപടി എടുത്തത് പിന്‍വലിക്കണമെന്നായിരുന്നു കെജിഎംസിടിഎയും നഴ്സുമാരുടെ സംഘടനകളും ആവശ്യപ്പെട്ടത്. ഡോക്ടര്‍മാരും നഴ്സുമാരും പ്രതിഷേധവുമായി റോഡിലിറങ്ങിയതോടെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിയ്ക്കുകയായിരുന്നു. രാത്രി സംഘടനാ പ്രതിനിധികളുമായി ആരോഗ്യമന്ത്രി ചര്‍ച്ച നടത്തി. ഡോക്ടര്‍ക്കും രണ്ട് നഴ്സുമാര്‍ക്കുമെതിരായ സന്പെന്ഷന് പിന്‍വലിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ സമരം തുടരാനാണ് സംഘടനകളുടെ തീരുമാനം. കെജിഎംസിടിഎ തിരുവനന്തപുരം ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തില്‍ രാവിലെ റിലേ സത്യാഗ്രഹം തുടങ്ങും. 48 മണിക്കൂറിനുള്ളില്‍ സസ്പെന്ഷന് പിന്‍വലിച്ചില്ലെങ്കില്‍ നോണ്‍ കോവിഡ് ചികിത്സ അവസാനിപ്പിക്കുമെന്നും കെജിഎംസിടിഎ അറിയിച്ചിട്ടുണ്ട്. നഴ്സുമാരുടെ നേതൃത്വത്തില്‍ ഇന്ന് ജില്ലയില്‍ കരിദിനമാചരിക്കും. ആരോഗ്യപ്രവര്‍ത്തകരെ തളര്‍ത്തുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കെജിഎംഒഎയും ആവശ്യപ്പെട്ടിട്ടുണ്ട്. കെജിഎംസിടിഎയുടെ പ്രതിഷേധങ്ങള്‍ക്ക് കെജിഎംഒഎ പിന്തുണയും പ്രഖ്യാപിച്ചു.


