തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്കടുമ്പോള് പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാന്‍ പരക്കം പായുകയാണ് സ്ഥാനാര്‍ഥികളും മുന്നണികളും. എന്നാല്‍ അടൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.ജി. കണ്ണന്റെ വ്യാഴാഴ്ചത്തെ ഓട്ടം തിരുവനന്തപുരത്തേക്കായിരുന്നു. ഒപ്പം പക്ഷെ പ്രവര്‍ത്തകരോ വോട്ടര്‍മാരോ ആയിരുന്നില്ല ഉണ്ടായിരുന്നത്. തന്റെ പ്രിയപ്പെട്ട മകനും ഭാര്യയും. ഏവരുടെയും കണ്ണീരണിയിക്കുന്ന കണ്ണന്റെ സ്വകാര്യ ദുഖമാണ് ആ യാത്രക്ക് പിന്നില്‍.
അര്‍ബുദ രോഗിയായ മകനെ റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്.സി.സി) കാണിക്കുന്നതിനാണ് ഭാര്യ സുജിതമോളുമൊത്ത് കണ്ണന് തലസ്ഥാനത്തെത്തിയത്. നാലുവര്‍ഷമായി ചികിത്സയിലാണ് കണ്ണന്റെ ഒമ്പതു വയസ്സുകാരനായ മകന് ശിവകിരണ്‍. ”ഇടവിട്ടുള്ള പരിശോധന മുടക്കാന്‍ കഴിയില്ല. ആര്.സി.സിയില്‍ വരുമ്പോള്‍ താനും ഒപ്പമുണ്ടാകണമെന്ന് മകന് നിര്‍ബന്ധമാണ്. പൊതു പ്രവര്‍ത്തകനായതുകൊണ്ടു തന്നെ പലപ്പോഴും മക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയാറില്ല. പക്ഷേ, ഈ അവസ്ഥയില്‍ അവനൊപ്പം ഞാനുണ്ടാകണമെന്ന് തോന്നി. ഞാന്‍ അവനെ കൂടുതല്‍ സ്നേഹിക്കുന്നുണ്ട്”- നിറകണ്ണുകളോടെ കണ്ണന് പറയുന്നു.
കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങിയാണ് രക്താര്‍ബുദ രോഗിയായ മകന്റെ ചികിത്സ തുടരുന്നത്. സുമനസ്സുകളായ കുറച്ചുപേര്‍ സഹായിക്കാനുള്ളതാണ് അല്പം ആശ്വാസം. ബിരുദ പഠനത്തിനു ശേഷം കേബിള്‍ ടി.വി ടെക്നീഷ്യനായി കുറച്ചു കാലം ജോലി നോക്കിയ കണ്ണന് പത്ര ഏജന്റ് കൂടിയാണ്. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ല പ്രസിഡന്റായ കണ്ണന് രണ്ടുതവണ ജില്ല പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
23ാം വയസ്സിലാണ് ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തംഗമായത്. നിയമസഭ പ്രചാരണത്തിന് പണം ഇല്ലാത്തതിനാല്‍ ബൂത്ത് തലത്തില്‍ കണ്ണന് 10 രൂപ എന്ന പേരില്‍ പ്രവര്‍ത്തകര്‍ കാമ്പയിന് നടത്തിയിരുന്നു. കൂലിപ്പണിക്കാരനായ ഗോപിയും ശാന്തയുമാണ് മാതാപിതാക്കള്‍. ശിവഹര്ഷ് ആണ് ഇളയ മകന്. ഭാര്യ സജിതമോള്‍ പോസ്റ്റല്‍ വകുപ്പ് ജീവനക്കാരിയാണ്.


