കോഴിക്കോട്: കാലവര്‍ഷം വരാനിരിക്കെ കോഴിക്കോട് നഗരത്തില്‍ അപകട ഭീഷണിയുയര്‍ത്തി കെട്ടിടങ്ങള്‍ക്ക് മുകളില്‍ സ്ഥാപിച്ചിട്ടുള്ള കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
കോഴിക്കോട് നഗരസഭാ സെക്രട്ടറി ഇക്കാര്യം വിശദമായി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.
സുരക്ഷിതമല്ലാത്ത ഇരുമ്പ് ഫ്രെയിമുകളിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. നഗരത്തിലെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡുകള്‍ കാറ്റത്ത് നീലംപതിക്കാവുന്ന അവസ്ഥയിലാണുള്ളത്. മാവൂര്‍ റോഡില്‍ ഉള്‍പ്പെടെ പഴയ കെട്ടിടങ്ങള്‍ക്ക് ഉയരെ പോലും ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മൊഫ്യൂസില്‍ സ്റ്റാന്റിന് മുകളിലും ഇത്തരം ബോര്‍ഡുകളുണ്ട്.
പരസ്യങ്ങള്‍ കുറവായതിനാല്‍ കെട്ടിടം ഉടമകള്‍ ഇക്കാര്യം ശ്രദ്ധിക്കാറില്ലെന്നും പരാതിയുണ്ട്. മഴയിലും കാറ്റിലും കൂറ്റന്‍ ഫ്രെയിം നിലം പതിച്ചാല്‍ വന്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റര്‍ ചെയ്ത കേസിലാണ് നടപടി.


