കാഞ്ഞിരപ്പള്ളി: തിരഞ്ഞെടുപ്പ് പ്രചരണ തിരക്കുകള്‍ക്ക് അവധി നല്കി പീഡാനുഭവസ്മരണയില്‍ ദേവാലയങ്ങളില്‍ തിരുകര്‍മ്മങ്ങളില്‍ പങ്കുകൊണ്ട് പ്രാര്‍ത്ഥനയും ഉപവാസവുമായി യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന് ദുഖവെള്ളി ആചരിച്ചു. ദുഖവെളളി ആചരണത്തിന്റെ ഭാഗമായി പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കിയിരുന്നതിനാല്‍ പതിവു യാത്രയും സന്ദര്‍ശനങ്ങളും യോഗങ്ങളും ഫോണ്‍ വിളികളുമൊന്നും ഇല്ലാത്ത ദിവസമായിരുന്നു ജോസഫ് വാഴയ്ക്കന്.
പ്രവര്‍ത്തകരും സന്ദര്‍ശകരും ഒഴിഞ്ഞു നിന്നു. ഉച്ചഭാഷിണി ഉള്‍പ്പെടെയുള്ള പരസ്യ പ്രചരണവും യു.ഡി.എഫ്. പ്രവര്‍ത്തകര്‍ നടത്തിവരുന്ന ഭവന സന്ദര്‍ശനങ്ങളുമെല്ലാം നിര്‍ത്തിവച്ചു. രാവിലെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനികിസ് പള്ളി വികാരി ഫാ. വര്‍ഗീസ് പരിന്തിരിയുടെ കാര്‍മികത്വത്തില്‍ മണ്ണാറക്കയം കുരിശുപടിയില് നിന്നു പള്ളിയിലേക്കു നടന്ന കുരിശിന്റെ വഴിയില്‍ പങ്കെടുത്തു. തുടര്‍ന്ന് പള്ളിയില്‍ നടന്ന തിരുകര്‍മ്മ ശുശ്രൂഷകളിലും സംബന്ധിച്ചു.
പ്രാര്‍ത്ഥനകള്‍ക്കു ശേഷം മണിമലയിലെത്തി ചെറുവള്ളി സെന്റ് മേരീസ് പള്ളിയില്‍ നിന്നു പൂവത്തോളി കുരിശുപള്ളിയിലേക്കു നടന്ന കുരിശിന്റെ വഴിയിലും പങ്കുകൊണ്ടു. ചെറുവള്ളി പള്ളി വികാരി ഫാ. ഡെന്നി ജോസഫ്, ഇളങ്ങോയി പള്ളി വികാരി ഫാ. ജോസഫ് ചിറുടിയില്, ഫാ. വര്‍ഗീസ് കൊച്ചുമുറിയില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശ്വാസികള്‍ക്കൊപ്പം നേര്‍ച്ചക്കഞ്ഞി കഴിച്ചു.
ഉച്ചയോടെ പൊന്‍കുന്നത്തെ വീട്ടിലേക്കു മടങ്ങി. ഉച്ചയ്ക്കുശേഷം കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥനയും ഉപവാസവുമായി ചിലവഴിച്ചു. നാളെ കാഞ്ഞിരപ്പള്ളി, മണിമല, പള്ളിയ്ക്കത്തോട്, കറുകച്ചാല്‍ മേഖലകളില്‍ പ്രചരണം നടത്തും. രാവിലെ 10ന് കറുകച്ചാല്‍ കൂത്രപ്പള്ളിയില്‍ നിന്ന് പത്തനാടിലേക്ക് നടന് ജഗദീഷിനൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കും. വൈകിട്ട് 4ന് മണിമലയിലും 5ന് പള്ളിയ്ക്കത്തോട്ടിലും നടക്കുന്ന തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കും.