മൂവാറ്റുപുഴ: ഇടതു മുന്നണിയുടെ സിറ്റിംഗ് സീറ്റായ നഗരസഭ പതിനാലാം വാര്‍ഡ് സീറ്റ് തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസിന്റെ യുവ വനിതാ സ്ഥാനാര്‍ത്ഥി ജോയ്സ് മേരി ആന്റണി. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ അന്തര്‍ദേശീയ തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് നേതൃപാടവം തെളിയിച്ചുള്ള കരുത്തുറ്റ വനിതാ നേതാവ് കൂടിയാണ് കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന ജോയ്സ് മേരി ആന്റണി.
ഇടുക്കിയില്‍ ജനിച്ചു വളര്‍ന്ന ജോയ്സ് അന്തര്‍ദേശീയ തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീശബ്ദമാണ്. കെസിവൈഎം, ഐസിവൈഎം ഉള്‍പ്പെടെ വിവിധ യുവജന സംഘടനകളില്‍ ഭാരവാഹിത്വം വഹിച്ച ജോയ്സ് വടക്കെ ഇന്ത്യയിലെ ആദിവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 2008 ലെ കെസിബിസി ബെസ്റ്റ് യൂത്ത് അവാര്‍ഡ് ജേതാവും യുവജന നേതാവുമാണ്. മികച്ച പ്രാസംഗികയും മോട്ടിവേഷണല്‍ ട്രെയിനറും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ ജോയ്സ് മൂവാറ്റുപുഴയിലെ പൊതുരംഗത്തെ ജനകീയ മുഖം കൂടിയാണ്.
സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരുപതോളം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളം പ്രവര്‍ത്തിക്കുകയും ചെയ്തു. 2010 ല്‍ അമേരിക്കയില്‍ വേള്‍ഡ് യൂത്ത് പാര്‍ലമെന്റിലും 2012 ല്‍ സ്പെയിനില്‍ ലോകയുവജന സമ്മേളനത്തിലും ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയും കോര്‍ഡിനേറ്ററുമായിരുന്നു. മഹിളാ കോണ്‍ഗ്രസിന്റെ എറണാകുളം ജില്ലാ ഐ.ടി. കോര്‍ഡിനേറ്ററായ ജോയ്സ് സംഘടനാ രംഗത്തും സജീവമാണ്.
തന്റെ ഇക്കാലമത്രയും വിവിധ സംഘടനാ മേഖലയിലും പൊതുരംഗത്തുമുള്ള പ്രവര്‍ത്തനത്തിന്റെ പരിചയ സമ്പത്ത് വാര്‍ഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ജോയ്സ്. വാര്‍ഡിലെ ജനങ്ങളുമായി തനിക്കുള്ള അടുപ്പവും പൊതുരംഗത്തെ പ്രവര്‍ത്തന മികവും ജോയ്സിന്റെ വിജയം ഉറപ്പിക്കുമെന്ന് കോണ്‍ഗ്രസും ഉറച്ച വിശ്വാസത്തിലാണ്. പ്രീത അജിയാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.


