വിപ്ലവം ഒരു പുരാവസ്തു വായി മാറിയിരിക്കുന്ന ക്യുബയും, ക്യാപിറ്റലിസത്തിന് വഴിമാറിയിരിക്കുന്ന കമ്മ്യൂണിസമുള്ള ചൈനക്കും, ഒരു മാതൃകയാണ് ഇന്നും ജനകീയത നിലനിര്‍ത്തുന്ന കേരളത്തിലെ കമ്മ്യൂണിസം. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ട് ഭരിച്ചിരുന്ന നാടുവാഴി സമ്പ്രദായത്തെ കീഴ്പ്പെടുത്തിയ, ബ്രിട്ടീഷ് അധിനിവേഷത്തില്‍ ജനാധിപത്യത്തിനു വേണ്ടിയുള്ള രാഷ്ട്രീയ സമ്പ്രദായം രൂപം കൊണ്ടത് ബ്രിട്ടീഷ് മലബാറിലാണ്. അക്ഷരങ്ങളെ സ്നേഹിക്കുകയും അവയെ സമരത്തിന്റെ പടവാളാക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്ത മാതൃഭൂമി ദിനപത്രത്തിന്റെ സ്ഥാപകന്‍ കെ.പി. കേശവമേനോന്, 1915 ല്‍ ഇംഗ്ലണ്ടില്‍ നിന്നും ബാരിസ്റ്റര്‍ പഠനത്തിനുശേഷം കോഴിക്കോട് എത്തിയതോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനം മലബാറില്‍ ശക്തമാകുന്നത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സ്വാതന്ത്ര സമരത്തിന് തീക്ഷണത പോരെന്ന കാഴ്ച്ചപാടില്‍, 1934 ല്‍ മലബാറിലെ കോണ്‍ഗ്രസ്സില്‍ വലതുപക്ഷം ഇടതുപക്ഷം എന്നിങ്ങനെ ചേരിതിരിവുണ്ടായി. വിപ്ലവത്തിലൂടെ മാത്രമേ ബ്രിട്ടീഷുകാരെ തുരത്തി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടുവാന്‍ കഴിയൂ എന്ന വാദമുഖങ്ങള്‍ ഉയര്‍ത്തിയ, ഇടതുപക്ഷ ചേരിയിലെ ഒരുപറ്റം യുവാക്കളാണ് ഓള് ഇന്ത്യ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകമായി മാറിയത്. 1939 ലെ ഡിസംബര്‍ മാസത്തില്‍ കണ്ണുര്‍ ജില്ലയിലെ പിണറായി ഗ്രാമത്തിലെ പാറപ്പുറത്ത് വളരെ രഹസ്യമായി ചേര്‍ന്ന സമ്മേളനത്തിലൂടെ രൂപീകരിച്ച, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കേരള സംസ്ഥാന ഘടകത്തിലൂടെ അന്നത്തെ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ കേരളത്തില്‍ നിന്നുമുള്ളവരെല്ലാം കമ്മ്യൂണിസ്റ്റുകാരായി മാറിയത് രാഷ്ട്രീയ ചരിത്രം.
ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ജൈത്രയാത്ര പല രൂപത്തിലും ഭാവത്തിലും പിളര്‍ന്നും ലയിച്ചും, രാജ്യത്തെ ഭരണത്തില്‍ സ്വാധീനമുള്ള പങ്കാളിത്തം വഹിക്കുമ്പോള്‍ കേരളത്തിലും പുതിയ സോഷ്യലിസ്റ്റകള് ജന്മം കൊണ്ടു. അതില്‍ ഒരാളാണ് മലബാറിലെ രാഷ്ട്രീയ ഭൂമികയില്‍ നിറഞ്ഞ് നില്ക്കുന്ന വള്ളുവനാട്ടിലെ ചരിത്രമുറങ്ങുന്ന പട്ടണമായ, ഷൊര്‍ണൂരിന്റെ അധികാര സ്ഥാനം വഹിക്കന്ന പാപ്പുള്ളി കുടുംബത്തില്‍ പിറന്ന പദ്മനാഭന് നായര്‍. ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ചിരുന്ന പാപ്പുള്ളിയിലെ കാരണവന്മാര്ക്ക് അധികാരി ( വില്ലേജ് ) പദവി ലഭിച്ചിരുന്നു. പാപ്പുള്ളി തറവാട്ടിലെ അവസാനത്തെ പരമ്പരാഗത അധികാരി 1970 കളില്‍ ഉണ്ടായിരുന്ന പാപ്പുള്ളി അപ്പുണ്ണി നായരായിരുന്നു.
1930 ല്‍ മീനമാസത്തിലെ ചിത്ര നാളില്‍ ജനിച്ച പൊട്ടോഴി താഴത്തേതില്‍ കുഞ്ഞന്‍ നായര്‍ പാപ്പുള്ളി മാധവി അമ്മ ദമ്പതികളുടെ ഒമ്പത് മക്കളില്‍ അഞ്ചാമനാണ് പദ്മനാഭന്. ഷൊര്‍ണൂര്‍ പട്ടണത്തിലുള്ള അവിനാശി എഴുത്തശ്ശന്‍ സ്ഥാപിച്ച ഇന്നത്തെ എയിഡഡ് അപ്പര്‍ പ്രൈമറി സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും, ഇന്നത്തെ കെ. വി. ആര്. ഹൈസ്കൂളില്‍ നിന്ന് തുടര്‍ വിദ്യാഭ്യാസവും മാത്രം കൈമുതലായുള്ള പദ്മനാഭന്റെ ഉപജീവന മാര്‍ഗ്ഗം തറവാട്ട് സ്വത്തായ കൃഷി തന്നെയായിരുന്നു മുഖ്യം. സ്വതന്ത്ര ഭാരതത്തിലെ ഇന്ത്യന്‍ റെയില്‍വേയുടെ എറ്റവും വലിയ ജംഗ്ഷനുകളില്‍ ഒന്നായ, ഷൊര്‍ണൂരിലെ എക്കറോളം വ്യാപിച്ച് കിടക്കുന്ന നാനാ ഭാഷക്കാര്‍ താമസിച്ചിരുന്ന കോര്ട്ടേഴുസുകളിലെ, മാലിന്യ നിര്‍മ്മാര്‍ജനത്തിനും മറ്റു അറ്റകുറ്റപണികള്‍ക്കുമായി ഉപയോഗിച്ചിരുന്ന കാളവണ്ടികള്‍ക്ക്, കാളകളെ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കിയിരുന്നത് പാപ്പുള്ളി പദ്മനാഭന് നായരായിരുന്നു.
വള്ളുവനാട്ടിലെ പ്രശസ്തമായ കവളപ്പാറ സ്വരൂപത്തിന്റെ പരദേവതയായ ആരിയങ്കാവ് പൂരത്തിന് നൂറ്റാണ്ടുകളായി എഴുന്നള്ളിച്ച് വരുന്ന, നെടുങ്ങോട്ടൂര്‍ ദേശകുതിരയുടെ നേതൃത്വം വഹിച്ചു കൊണ്ടാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാകുന്നത്. ഷൊര്‍ണൂര്‍ കടപ്പെട്ടിരിക്കുന്ന കോഴിശേരി മനയിലെ ശങ്കരന് നമ്പൂതിരിപാടാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് രംഗത്തേക്ക് പദ്മനാഭന് നായരെ കൊണ്ട് വരുന്നത്. ആധുനിക ഷൊര്‍ണൂരിന്റെ ശില്പി എന്ന വിശേഷണം ചരിത്രത്തില്‍ അവശേഷിപ്പിച്ച് കടന്ന് പോയ കോണ്‍ഗ്രസ്സ് നേതാവ്, ഒന്നര ദശാബ്ദത്തോളം കാലം ഷൊര്‍ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ച കോഴിപുറത്ത് നാരായണ മേനോന് എന്ന കെ. പി. എന്‍. മേനോന്റെ കൂടെ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉണ്ടായിരുന്ന ജനപ്രതിനിധിയായിരുന്നു പാപ്പുള്ളി പദ്മനാഭന് നായര്‍.
1964 ല്‍ ഷൊര്‍ണൂര്‍ – കാരക്കാട് പഞ്ചായത്തുകള്‍ ലയിച്ച മുതല്‍, നീണ്ട പതിനാല് വര്‍ഷം കോണ്‍ഗ്രസ്സ് ഭരിച്ച ഷൊര്‍ണൂര്‍ പഞ്ചായത്ത്, 1980 മുതല്‍ കമ്മ്യൂണിസ്റ്റ് ഭരിക്കുന്ന നഗരസഭയായി മാറിയ ചരിത്രത്തിനൊപ്പം ശ്രദ്ധിച്ചാല്‍ തെളിയുന്ന വസ്തുതയാണ്, പഞ്ചായത്ത് ഭരണ സമിതിയിലും പ്രതിപക്ഷത്തും ഉണ്ടായിരുന്ന പാപ്പുള്ളി പദ്മനാഭന് നായര്‍ നഗരസഭ ഭരണ സമിതിയിലും ഉണ്ടായിരുന്നു എന്ന രാഷ്ട്രീയം. ഒരു പക്ഷേ പദ്മനാഭന് നായര്‍ കമ്മ്യൂണിസ്റ്റായി മാറിയില്ലായിരുന്നു എങ്കില്‍, ഷൊര്‍ണൂര്‍ നഗരസഭയുടെ ഭരണത്തിലേക്ക് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കടന്ന് വരുവാന്‍, കഴിയുമായിരുന്നില്ല എന്നത് വിസ്മരിക്കുന്ന ചരിത്ര വസ്തുതയാണ്. ഷൊര്‍ണൂര്‍ നിവാസിയും 1970 – 1977 കാലഘട്ടത്തെ ഒറ്റപ്പാലം നിയമസഭ സാമാജികനുമായ പി. പി. കൃഷ്ണന്റെ രാഷ്ട്രീയ ഇടപെടലാണ് പദ്മനാഭന് നായരെ കമ്മ്യൂണിസ്റ്റ് പാളയത്തില്‍ എത്തിച്ചത്.
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്ക്സ്സ്റ്റിന്റെ ഷൊര്‍ണൂര്‍ ലോക്കല്‍ സെക്രട്ടറി, ഒറ്റപ്പാലം ഏരിയ കമ്മിറ്റി അംഗം, സി. ഐ. ട്ടി. യു. വിലെ ചുമട്ട് തൊഴിലാളി സംഘത്തിന്റെ ഒറ്റപ്പാലം താലൂക്ക് പ്രസിഡന്റ്, തുടങ്ങിയ പദവികള്‍ക്കൊപ്പം ചളവറ പഞ്ചായത്തിന്റെ ചുമതല കൂടി വഹിച്ചിട്ടുണ്ട് പാപ്പുള്ളി പദ്മനാഭന് നായര്‍. നെടുങ്ങോട്ടൂരില്‍ നിന്നും നിളയുടെ തീരത്തെ മുണ്ടമുകയിലേക്ക് ഗതാഗത യോഗ്യമായ പാത നിര്‍മ്മിക്കുന്നതും, നെടുങ്ങോട്ടൂരിലുള്ള റെയില്‍വേ ലെവല്‍ ക്രോസില്‍ ഗേറ്റ്മാനെ കൊണ്ട് വരുന്നതും പദ്മനാഭന് നായരുടെ കാലത്തെ സേവനങ്ങളിലെ മികവുറ്റതാണ്. 1974 ല്‍ നടന്ന ഐതിഹാസികമായ റെയില്‍വേ സമരത്തെ സഹായിച്ചതിന്റെ പേരില്‍, MISA മൈന്റെനന്‍സ് ഓഫ് ഇന്റെര്ണന് സെക്യൂരിറ്റി ആക്ട് പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട്, മെയ് 5 മുതല്‍ 28 വരെ വിയ്യൂര്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുണ്ട് പദ്മനാഭന് നായര്‍.
1980 മുതല്‍ 1992 വരെ ഷൊര്‍ണൂര്‍ നഗരസഭയില്‍ കൗണ്‍സിലറായിരുന്ന പദ്മനാഭന് നായര്‍ക്ക്, 1985 ല്‍ പാര്‍ട്ടിയിലുള്ള പ്രദേശത്തെ മുതിര്‍ന്ന നേതാവിന്റെ ജാതി രാഷ്ട്രീയ കുതന്ത്രങ്ങളാല്‍ അര്‍ഹതപ്പെട്ട ചെയര്മാന് പദവി നഷ്ടപെടുകയും, തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ പാര്‍ട്ടി നടപടി സ്വീകരിച്ചതും ഒരദ്ധ്യായമാണ്. ജനസേവനത്തിനായി ജീവിതം ഉഴിഞ്ഞ് വെച്ച പാപ്പുള്ളി പദ്മനാഭന് നായര്‍ മങ്ങാട്ട് കോല്പുറത്ത് കമലാക്ഷി അമ്മ ദമ്പതികള്‍ക്ക്, ജയപ്രകാശ്, ഹരിദാസ്, അംബിക എന്നിങ്ങനെ മൂന്ന് മക്കളാണുള്ളത്. കാലത്തെ തോല്പ്പിക്കുവാന് ശ്രമിച്ചവര്‍ക്ക് കാലം നല്കുന്ന മറുപടിക്ക് ഉദാത്ത മാതൃകയാണ്, ഷൊര്‍ണൂര്‍ നഗരസഭ ചെയര്മാന് സ്ഥാനത്ത് ഇന്നിരിക്കുന്ന പദ്മനാഭന് നായരുടെ മൂത്ത പുത്രന് എം. കെ. ജയപ്രകാശ്.
ഷൊര്‍ണൂര്‍ നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന പദ്മനാഭന് നായര്‍ ബ്രിട്ടീഷ് കാലത്ത് ഷൊര്‍ണൂരില്‍ തുടങ്ങിയ, പ്രഭാതം പബ്ലിക് ലൈബ്രററിയുടെ അമരത്ത് മരണം വരെ കര്‍മ്മനിരതനായിരുന്നു. 2014 ആഗസ്റ്റ് ഒന്നിലെ കര്‍ക്കിടക പേമാരിയില്‍ വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്, തൃശൂരിലെ ജൂബിലി മിഷന് ഹോസ്പിറ്റലില്‍ വെച്ച് ആ കര്‍മ്മയോഗി യാത്രയായി. അഞ്ച് പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ വ്യക്തിപരമായി ഒന്നും സംമ്പാദിക്കാതെ, തറവാട്ട് സ്വത്തായ കൃഷി ഭൂമി പലതും നഷ്ടപ്പെട്ട പദ്മനാഭന് നായരുടെ ജീവിതം, ത്യാഗപൂര്‍ണ്ണമായ നിസ്വാര്‍ഥ സേവനത്തിന്റെ ഒതു കമ്യൂണിസ്റ്റിന് മാതൃകയാക്കാവുന്ന തുറന്ന പുസ്തകമാണെന്ന്, തിരിച്ചറിയുന്നവര്‍ മനസറിഞ്ഞ് വിളിച്ചു പോകും ‘ ലാല്‍ സലാം സഖാവേ… ‘
തെയ്യാറാക്കിയത് : പ്രസാദ് കെ ഷൊര്‍ണൂര്‍


