ഇടുക്കി: മൂന്നാർ ദൗത്യത്തിൽ ഇടുക്കി കലക്ടർക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. കലക്ടർ കാണിക്കുന്നത് തോന്നിയവാസമാണ്. വൻകിട കയ്യേറ്റക്കാരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ചെറുകിടക്കാരെ ഒഴിപ്പിക്കാൻ എത്തിയാൽ തടയുമെന്നും ആത്മാർത്ഥതയുണ്ടെങ്കിൽ വൻകിടക്കാരെ ഒഴിപ്പിക്കണമെന്നും സി.വി.വർഗീസ് പറഞ്ഞു .
ചിന്നക്കനാലിൽ ദൗത്യ സംഘം കയ്യേറ്റം ഒഴിപ്പിച്ചു. രണ്ടേക്കർ ഇരുപത് സെന്റ് കൃഷി ഭൂമിയാണ് ഒഴിപ്പിച്ചത്. ഇടുക്കി സബ് കലക്ടർ അരുൺ എസ് നായരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് സർക്കാർ ബോർഡ് സ്ഥാപിച്ചു. ചിന്നക്കനാൽ സിമന്റു പാലത്തിനു സമീപം അടിമാലി സ്വദേശി ജോസ് ജോസഫ് ഏല കൃഷി നടത്തിയിരുന്ന സ്ഥലമാണ് റവന്യൂ സംഘം തിരിച്ചു പിടിച്ചത്. പുറമ്പോക്കും ആനയിറങ്കൽ ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിലുള്ള കെഎസ്ഇബി ഭൂമിയും കയ്യേറിയാണ് കൃഷി നടത്തിയിരുന്നത്. താമസിക്കാൻ ഷെഡും നിർമ്മിച്ചിരുന്നു.