കുട്ടികളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും കൈമാറ്റം നടത്തിയെന്ന് സംശയിക്കുന്ന 16 മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. ഓപ്പറേഷന് പി ഹണ്ട് എന്ന് പേരില്‍ ആലപ്പുഴ ജില്ലയില്‍ നടത്തിയ റെയ്ഡിലാണ് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തത്. കുട്ടികളുടെ ദൃശ്യങ്ങളും നഗ്ന ചിത്രങ്ങളും ഇന്റെര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുന്നവരെയും ഇത് മൊബൈലുകള്‍ മുഖേനെ കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താനായാണ് ആലപ്പുഴയില്‍ പൊലീസ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ വീയപുരം, ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളിലായി രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
പിടികൂടിയ ഫോണുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ച ശേഷം നിയമ നടപടികള്‍ സ്വീകരിക്കും. കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ കാണുന്ന ഫോണുകള്‍ മൂന്നു ദിവസത്തിലൊരിക്കല്‍ ഫോര്‍മാറ്റ് ചെയ്യുന്നുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ജില്ലയില്‍ എല്ലാ സ്റ്റേഷന് പരിധിയിലും രാവിലെ 7 മുതലായിരുന്നു റെയ്ഡ്. നിലവിലെ നിയമ പ്രകാരം കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ കാണുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും അഞ്ച് വര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബെന്നി നോഡല്‍ ഓഫീസറായുള്ള സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. സൈബര്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ.പി. വിനോദിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ദ്ധരാണ് റെയിഡ് ഏകോപിപ്പിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യകതികളെയും, ഗ്രൂപ്പുകളെയും പറ്റി വിവരം കിട്ടുന്നവര്‍ എത്രയും വേഗം പൊലീസിനെ വിവരം അറിയിക്കണം.


