യുവ നടിയുടെ പീഡന പരാതിയില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുക്കും. മുന്‍കൂര്‍ ജാമ്യം ലഭിച്ച പശ്ചാത്തലത്തില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരമായിരിക്കും നടപടികള്‍. കേസ് അന്വേഷിക്കുന്ന സൗത്ത് പൊലീസ് സ്റ്റേഷന് സിഐക്ക് മുന്‍പാകെ ആണ് വിജയ് ബാബു ഹാജരാകേണ്ടത്.
ഇന്ന് മുതല്‍ ജൂലൈ 3 വരെ രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ ഉണ്ടാകണം എന്നാണ് കോടതി നിര്‍ദേശം. കേസിനെ കുറിച്ചുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും ഈ ദിവസങ്ങളില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ അന്വേഷണ സംഘത്തിന് അറസ്റ്റ് രേഖപെടുത്താം. അറസ്റ്റ് രേഖപെടുത്തിയാല്‍ 5 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള് ജാമ്യവും എന്ന വ്യവസ്ഥയില്‍ ജാമ്യം അനുവദിക്കണമെന്നാണ് കോടതി നിര്‍ദേശം.
ഏപ്രില്‍ 22നായിരുന്നു യുവ നടി വിജയ് ബാബുവിനെതിരെ പീഡന പരാതി നല്‍കിയത്. പിന്നീട് ദുബൈയിലേക്ക് ഒളിവില്‍ പോയ വിജയ് ബാബു 39 ദിവസത്തിന് ശേഷം ഈ മാസം ഒന്നിനാണ് തിരിച്ചെത്തിയത്. നടിയെ പീഡിപ്പിച്ചു, ഇരയുടെ പേര് വെളിപ്പെടുത്തി എന്നീ രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.