തലശ്ശേരി ഇരട്ടക്കൊലപാതകത്തിന് കാരണമായത് ലഹരി വില്‍പ്പന ചോദ്യം ചെയ്തതിലെ വൈരാഗ്യവും പൊലീസിന് വിവരം കൈമാറിയെന്ന സംശയവുമെന്ന് റിമാന്റ് റിപ്പോര്‍ട്ട്. പ്രതി ജാക്സന്റെ വാഹനത്തില്‍ കഞ്ചാവുണ്ടെന്ന സംശയത്തില്‍ പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു.
കൊല്ലപ്പെട്ട ഷമീറിന്റെ മകന് ഷബിലാണ് ഈ വിവരം പൊലീസിന് കൈമാറിയതെന്നാണ് പ്രതികള്‍ കരുതിയിരുന്നത്. ഇതിന് പിന്നാലെയായിരുന്നു ആക്രമണമെന്നും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്.
കൊലപാതകത്തിന് മറ്റു കാരണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ പിടിയിലായ ഏഴ് പ്രതികളെയും തലശ്ശേരി സെഷന്‍സ് കോടതി റിമാന്റ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് റിമാന്റ്.
കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പില്‍ ഷമീറിനെയും ഖാലിദിനെയും കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തിയിരുന്നു. മൂന്നാം പ്രതി സന്ദീപിന്റെ കടയുടെ അടുത്തുള്ള വീടിന് സമീപത്തു നിന്നാണ് കത്തി കണ്ടെത്തിയത്.


