ഉത്ര വധക്കേസില്‍ ഡമ്മി തെളിവെടുപ്പ് ദൃശ്യങ്ങള്‍ പുറത്ത്. പാമ്പിനെ കൊണ്ട് കടിപ്പിക്കുന്ന ഡമ്മി പരിശോധന ദൃശ്യങ്ങളാണ് പുറത്തു വന്നത്. തെളിവായി പ്രേസിക്യൂഷന് ഈ ദൃശ്യങ്ങളും സമര്‍പ്പിച്ചിരുന്നു. വനംവകുപ്പിന്റെ അരിപ്പ ട്രെയിനിങ് സെന്ററിലായിരുന്നു ഡമ്മി പരിശോധന. അതിനിടെ, കേസില്‍ വിധി ഉടനുണ്ടാകും. നാളെ കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വിധി പ്രഖ്യാപന തീയതി കോടതി പറയാനാണ് സാധ്യത. കേസിന്റെ അന്തിമ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു.
പാമ്പ് ഒരാളെ സ്വയം കടിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും വ്യത്യസ്ഥമായിരിക്കും. ഇത് തെളിയിക്കാനാണ് കൊല്ലത്തെ അരിപ്പ വനം വകുപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അത്യപൂര്‍വ്വമായ പരീക്ഷണം നടത്തിയത്. മൂന്ന് പാമ്പുകളെ ഉപയോഗിച്ചായിരുന്നു പരീക്ഷണം. കൊല്ലം മുന്‍ റൂറല്‍ എസ്.പി. ഹരിശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പരീക്ഷണം.
സ്വാഭാവികമായി പാമ്പു കടിയേറ്റാല്‍ ഉണ്ടാകുന്ന മുറിവുകളല്ല ഉത്രയുടെ ശരീരത്തില്‍ കണ്ടത്. പാമ്പിന്റെ തലയില്‍ പിടിച്ച് കടിപ്പിക്കുമ്പോള്‍ മുറിവിന്റെ ആഴം വര്‍ധിക്കും. ഉത്രയുടെ സാരരീരഭാരത്തിലുള്ള ഡമ്മി കിടത്തിയ ശേഷം മൂര്‍ഖനെ കൊണ്ട് കടിപ്പിക്കുകയായിരുന്നു. ഡമ്മിയുടെ വലത് കയ്യില്‍ കോഴിയിറച്ചി കെട്ടിവച്ച് അതില്‍ പാമ്പിനെ കൊണ്ട് കടുപ്പിച്ച് മുറിവിന്റെ ആഴം കണ്ടെത്തി. പാമ്പിന്റെ പാതിയില്‍ പിടിച്ച് കടിപ്പിച്ചപ്പോള്‍ പല്ലുകള്‍ അകലുന്നതും വ്യക്തമായി.
150 സെ.മി നീളമുള്ള മൂര്‍ഖന്‍ പാമ്പാണ് ഉത്രയെ കടിച്ചത്. ഈ നീളത്തിലുള്ള ഒരു പാമ്പ് കടിച്ചാല്‍ 1.7 സെ മീ നീളമുള്ള മുറിവാണ് ശരീരത്തില്‍ സാധാരണ ഉണ്ടാവുക. എന്നാല്‍ ഉത്രയുടെ ശരീരത്തില്‍ 2.5 ഉം 2.8 ഉം നീളമുള്ള രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്. പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിച്ചാല്‍ മാത്രമേ ഇത്രയും വലിയ പാടുകള്‍ വരികയുള്ളു എന്ന ശാസ്ത്രീയ നിഗമനത്തിലാണ് മൂന്ന് പാമ്പുകളെ ഉപയോഗിച്ച് പരീക്ഷണം നടത്തിയത്. മുറിവുകളിലെ വ്യത്യാസം രേഖപ്പെടുത്തി.
പ്രതി സൂരജിന്റെ മൊഴിയുടെയും അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പരീക്ഷണം നടത്തിയത്.


