ന്യുഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധത്തിനിടെ സിപിഐ നേതാവ് ആനിരാജ ഉൾപ്പടെയുള്ളവർക്ക് നേരെ ആക്രമണം നടന്നതായി ആരോപണം. സിപിഐ നേതാക്കളെ ആക്രമി സംഘം തള്ളിയിടുകയായിരുന്നു. കേന്ദ്ര സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിച്ച തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ആനി രാജ പറഞ്ഞു. ആസാദി മുദ്രാവാക്യം വിളിച്ച തങ്ങളുടെ അടുത്ത് വന്ന് നിങ്ങൾക്ക് എന്തിൽ നിന്നാണ് ആസാദി വേണ്ടത് എന്ന് ചോദിച്ചായിരുന്നു ആക്രമണമെന്നും ആനി രാജ പറഞ്ഞു.എൻഎഫ്ഐഡബ്ല്യു ജനറൽ സെക്രട്ടറി നിഷ സിദ്ദു എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്.
സിജെപി പ്രതിഷേധത്തിൽ മുദ്രാവാക്യം വിളിച്ച് നിൽക്കുകയായിരുന്നു ഞങ്ങൾ. ആർഎസ്എസിനെതിരെ എന്തിനാണ് മുദ്രാവാക്യം വിളിക്കുന്നതെന്ന് പറഞ്ഞാണ് ആക്രമികൾ ആദ്യം വന്നത്. പൊലീസ് ഇവരെ മാറ്റി പിന്നീട് വലിയൊരു സംഘം ആക്രമികൾ എത്തുകയായിരുന്നുവെന്നാണ് ആനി രാജ പറഞ്ഞു. വലിയ കൂട്ടമായി എത്തിയവർ സിപിഐ നേതാക്കളെ തള്ളി-തള്ളി മുന്നോട്ട് കൊണ്ടു പോവുകയായിരുന്നു. രണ്ടു പേർ നിലത്തു വീണു. നാലു പേർ പൊലീസ് കസ്റ്റഡിയിൽ ആയിട്ടുണ്ട്. ഇവർ പൊലീസിന് വളരെ സുപരിചിതരാണ്. പൊലീസിന്റെ സംസാരത്തിൽ നിന്ന് അതാണ് മനസ്സിലായതെന്നും ആനി രാജ പറഞ്ഞു. പ്രതികളിലൊരാളുടെ ബൈക്ക് പൊലീസ് ഉദ്യോഗസ്ഥനാണ് സുരക്ഷിതമാക്കി വെച്ചത്. പൊലീസും ആക്രമകാരികളും തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നതെന്നും ആനി രാജ ആരോപിച്ചു.


