കണ്ണൂര്‍: പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണ സംഘത്തിന്റെ മൊഴിയെടുക്കൽ ഇന്നും തുടരും. ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി.കെ.ശ്യാമളയുടെ മൊഴി എന്നെടുക്കുമെന്ന് തീരുമാനമായിട്ടില്ല.
നഗരസഭ സെക്രട്ടറിയുടെ അധികാര പരിധിയിൽ ഉൾപ്പെടുന്നതാണെങ്കിൽ സാജന്റെ ഉടമസ്ഥതയിലുള്ള പാർത്ഥ കൺവെൻഷൻ സെന്ററിന് നാളെ പ്രവർത്തനാനുമതി നൽകിയേക്കും. ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ചു വരികയാണ്.
നേരത്തെ നടത്തിയ പരിശോധനയില്‍ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിൽ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ ശ്യാമളക്കെതിരെ പ്രാഥമിക പരിശോധനയിൽ തെളിവുകളില്ല. ഇതിനായി പരിശോധനകൾ തുടരും. കേസിൽ ഉദ്യോഗസ്ഥർക്കെതിരെ തെളിവുകൾ ലഭിച്ചതിന് പിന്നാലെ സസ്പെൻഷനിലുള്ള ആന്തൂർ നഗരസഭാ സെക്രട്ടറി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. എന്നാൽ അറസ്റ്റ് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി.


