കണ്ണൂര്‍: കണ്വെന്ഷന് സെന്ററിന് ആന്തൂര്‍ നഗരസഭ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍. ആന്തൂര്‍ നഗരസഭ സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. ഒാഡിറ്റോറിയം അനുമതിയുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും പരിശോധനക്ക് എത്തിച്ചിരുന്നു. അതേസമയം, കെട്ടിടത്തിന് അനുമതി നിഷേധിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് വിശദീകരണം നല്‍കിയതായാണ് വിവരം.
കെട്ടിടത്തിന് അനുമതി നല്‍കാമെന്ന് നഗരസഭ എന്‍ജിനീയറിങ് വിഭാഗം ഫയലില്‍ എഴുതിയിട്ടും സെക്രട്ടറി ഫയല്‍ വിളിച്ചുവരുത്തി പതിനഞ്ചോളം മാറ്റങ്ങള്‍ വരുത്തി അനുമതി വൈകിപ്പിച്ചതായാണ് റിപോര്‍ട്ട്. തീര്‍ത്തും ബാലിശമായ കാര്യങ്ങളാണ് അനുമതി നിഷേധിക്കാനായി എഴുതിച്ചേര്‍ത്തത്. നേരത്തെ പരിഹരിച്ച പ്രശ്നങ്ങള്‍ കൂടി എഴുതിച്ചേര്‍ത്താണ് ഫയല്‍ മന്ത്രിക്ക് നല്‍കിയത്.
പിന്നീട് ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തി. ചീഫ് ടൗണ്‍ പ്ലാനിങ് വിഭാഗവും തദ്ദേശസ്വയംഭരണ വിഭാഗത്തിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇത് സംബന്ധിച്ച എല്ലാ രേഖകളും പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ ഒക്കുപെന്‍സി സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെച്ച ഫയലുകളുടെ കണക്കെടുത്ത് എന്തു കാരണത്താലാണ് തടഞ്ഞുവെച്ചത് എന്ന വിശദീകരണം ഓരോ ജില്ലയിലെ ഉദ്യോഗസ്ഥരോടും നല്‍കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.


