തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡി സെപ് ജൂണ്‍ ഒന്നു മുതല്‍ സംസ്ഥാനത്തു നടപ്പാക്കാന്‍ തീരുമാനം. പദ്ധതിയുടെ നടത്തിപ്പ് റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയെ ഏല്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ട്ടൈം കണ്ടിജന്റ് ജീവനക്കാര്‍, എയ്ഡഡ് മേഖലയിലേത് അടക്കമുള്ള അധ്യാപകര്‍, അനധ്യാപകര്‍, പാര്‍ടൈം അധ്യാപകര്‍, തദ്ദേശഭരണ സ്ഥാപനം, സര്‍വകലാശാല, ഹൈക്കോടതി എന്നിവയിലെ ജീവനക്കാര്‍, പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവരും ഈ വിഭാഗങ്ങളിലെ പെന്‍ഷന്‍കാരും കുടുംബ പെന്‍ഷന്‍കാരുമാണ് മെഡിസെപിന്റെ ഗുണഭോക്താക്കള്‍. ഇവരുടെ ചട്ടപ്രകാരമുള്ള ആശ്രിതര്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. മൂന്നു വര്‍ഷമാണ് ഇപ്പോഴത്തെ പദ്ധതിയുടെ കാലാവധി.
ഏറ്റവും കുറഞ്ഞ വാര്‍ഷിക പ്രീമിയമായി ജിഎസ്ടി അടക്കം 2992.48 രൂപയാണ് റിലയന്‍സ് കമ്പനി ആവശ്യപ്പെട്ടിരുന്നത്. പൊതുമേഖയിലെ മൂന്നെണ്ണമടക്കം അഞ്ച് കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. ടെന്‍ഡറുകള്‍ പരിശോധിച്ചശേഷം റിലയന്‍സിനെ ധനവകുപ്പ് ശിപാര്‍ശ ചെയ്യുകയായിരുന്നു.


