സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഇഡി ഓഫീസില്‍ ഹാജരാകാനാണ് സ്വപ്നയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇന്നലെ അഞ്ച് മണിക്കൂറാണ് സ്വപ്നയെ ചോദ്യം ചെയ്തത്. കോടതിയില്‍ സ്വപ്ന നല്കിയ 164 രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യല്‍. അതേസമയം സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസിലെ സാക്ഷി സരിത എസ് നായരുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും.
ഇന്ന് വൈകിട്ട് 3.30ന് തിരുവനന്തപുരം ജെഎഫ്എം കോടതിയാണ് മൊഴി രേഖപ്പെടുത്തുക. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന വ്യക്തമാക്കുന്ന പിസി ജോര്‍ജും സരിതയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം നേരത്തെ പുറത്തു വന്നിരുന്നു. സരിതയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം സ്വപ്ന, പിസി ജോര്‍ജ് എന്നിവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
കഴിഞ്ഞ ഫെബ്രുവരി ആദ്യവാരം മുതല്‍ ഗൂഢാലോചന നടന്നു എന്നാണ് സരിത പോലീസിന് നല്കിയ മൊഴി. പി സി ജോര്‍ജ് പലതവണ സ്വപ്നയ്ക്ക് വേണ്ടി തന്റെ സഹായം തേടിയതായും സരിത മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്നയ്ക്കു വേണ്ടി മുഖ്യമന്ത്രിക്കെതിരെ മാധ്യമങ്ങളില്‍ സംസാരിക്കാനായിരുന്നു പിസി ജോര്‍ജ്ജിന്റെ നിര്‍ദ്ദേശം.
സ്വപ്ന ജയിലില്‍ കഴിയുമ്പോള്‍ തന്നോടു പറഞ്ഞ രഹസ്യങ്ങളാണ് ഇതെന്ന് വെളിപ്പെടുത്താനാണ് പിസി ജോര്‍ജ് നിര്‍ബന്ധിച്ചതെന്നും സരിത പറയുന്നു. ഈ സാഹചര്യത്തിലാണ് സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉള്‍പ്പെടെ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഉന്നത നേതാക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.
അതിനിടെ, മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസില്‍ പി സി ജോര്‍ജിനെയും സ്വപ്ന സുരേഷിനെയും സരിത്തിനെയും പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്യും. ഇഡിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാലുടന്‍ ഹാജരാകണമെന്ന് നിര്‍ദേശിക്കാനാണ് പ്രത്യേകാന്വേഷണ സംഘം ആലോചിക്കുന്നത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍ നല്കിയ പരാതിയിലാണ് കേസ്. സ്വപ്ന ഒന്നാം പ്രതിയും പി സി ജോര്‍ജ് രണ്ടാം പ്രതിയുമാണ്. സ്വപ്നയുടേയും പിസി ജോര്‍ജിന്റേയും ഫോണ്‍ രേഖകളും സംഭാഷണങ്ങളും പരിശോധിക്കും.