തിരുവനന്തപുരം: പതിനൊന്ന് ജില്ലകളില്‍ കൊറോണ (കോവിഡ്-19) സ്ഥിരീകരിച്ചതോടെ കേരളം കടുത്ത നിയന്ത്രണത്തിലേക്ക്. രോഗം സ്ഥിരീകരിച്ച ജില്ലകള്‍ അവശ്യസേവനങ്ങള്‍ ഉറപ്പാക്കി അടച്ചിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഈ നിയന്ത്രണം കാസര്‍കോട് ജില്ലയില്‍ ഏറക്കുറെ നടപ്പാക്കി. ഇനിയുള്ള നിയന്ത്രണം സംസ്ഥാനത്താകെ മാറുംവിധത്തിലാകും. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ഉന്നതതല യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
കാസര്‍കോട് ജില്ലയില്‍ പൊതുഗതാഗതം പൂര്‍ണമായി നിരോധിച്ചു. അഞ്ചുപേരിലധികം ഒന്നിച്ചുചേരുന്നത് തടയണമെന്ന് പോലീസിനു നിര്‍ദേശം നല്കി. എല്ലാ പൊതു-സ്വകാര്യ പരിപാടികള്‍ക്കും നിരോധനമുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിങ്ങനെ പത്ത് ജില്ലകള്‍ അടച്ചിടണമെന്നാണു കേന്ദ്ര നിര്‍ദേശം. കോഴിക്കോട് ജില്ലയില്‍ രണ്ടുപേര്‍ക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചതോടെ നിയന്ത്രണം അവിടേക്കും ബാധകമാക്കേണ്ടിവരും.
144 പ്രയോഗിക്കാന്‍ കളക്ടര്‍മാര്‍ക്ക് അനുമതി
രോഗവ്യാപനം തടയാന്‍ 1897-ലെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി. മതപരവും സാംസ്കാരികവുമായ ഉത്സവങ്ങള്‍, ടൂര്‍ണമെന്റുകള്‍, ഗ്രൂപ്പ് മത്സരങ്ങള്‍ എന്നിവയും പാര്‍ക്ക്, ബീച്ചുകള്‍, തിയേറ്ററുകള്‍, മാളുകള്‍ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുന്നതും നിയന്ത്രിക്കാനുള്ള നടപടിക്കും നിര്‍ദേശം നല്കി. പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ അവശ്യഘട്ടങ്ങളില്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ സെക്ഷന്‍ 144 പ്രയോഗിക്കാം.


