തൃശൂരിൽ നാശം വിതച്ച് വീണ്ടും മിന്നൽ ചുഴലി. ഇന്ന് ഉച്ചയോടെ ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലുണ്ടായി. എരുപ്പെട്ടിയിൽ വൈദ്യുതി തൂണുകൾ വീണു. ചാവക്കാട് പാപ്പാളി, കോലഴി തുടങ്ങി വിവിധ സ്ഥലങ്ങളിൽ കാറ്റിൽ വ്യാപക നാശനഷ്ടമുണ്ടായി. കോലഴിയിൽ പൂവണി ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുകളിൽ തെങ്ങ് വീണു.
വിവിധയിടങ്ങളിൽ വൈദ്യുതിത്തൂണുകളും നിലംപൊത്തി. അയ്യന്തോൾ റോഡിൽ രണ്ട് വലിയ മാവുകൾ വീണു. സമീപത്തുണ്ടായിരുന്ന തട്ടുകടക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാഞ്ഞാണിയിൽ ഇടിമിന്നലിൽ തെങ്ങ് കൂനയിൽ ഇടിച്ച് യാത്രക്കാരുമായി പോയ ബസിൻ്റെ മുൻവശത്തെ ചില്ല് തകർന്നു. അതിരപ്പിള്ളിയിൽ മരക്കൊമ്പ് വീണ് വിനോദസഞ്ചാരിയായ കോഴിക്കോട് സ്വദേശി സിജു പി.വിൻസെൻ്റിന് പരിക്കേറ്റു. പാവറട്ടി സർസൈദ് സ്കൂളിലെ ടെറഫിന്റെ ഇരുമ്പ് കാലുകളും തകർന്നു വീണു. കുന്നംകുളത്ത് കാണിപ്പയൂർ സർവ്വീസ് സഹകരണ ബാങ്കിന് സമീപം മരം കടപുഴകി വീണു വൈദ്യുതി പോസ്റ്റ് തകർന്നു. ശക്തമായ കാറ്റിൽ മുനക്കക്കടവ് അഴിമുഖത്ത് മീൻ പിടിക്കാനിറങ്ങിയ മത്സ്യബന്ധനവള്ളം അപകടത്തിൽപെട്ടു. തൊഴിലാളികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.


