മദ്യനയത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് കാന്തപുരം വിഭാഗത്തിന്റെ മുഖപത്രം സിറാജിൽ എഡിറ്റോറിയൽ. വീര്യം കുറഞ്ഞത്, കൂടിയത്, ശുദ്ധമായത് എന്നിങ്ങനെ മദ്യത്തെ തരം തിരിക്കുന്നത് വിഡ്ഢിത്തമെന്ന് വിമർശനം. ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാൻ ഒരു വശത്ത് നടക്കുമ്പോഴാണ് മദ്യവ്യാപനമെന്നും കാന്തപുരം വിഭാഗം കുറ്റപ്പെടുത്തി.
പുതിയ മദ്യ നയം ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാകുന്നതാണ്. അത് മദ്യ വ്യാപനത്തിനും പുതിയ മദ്യ കമ്പനികളുടെയും ഇനങ്ങളുടെയും കുത്തൊഴുക്കിനും കാരണമാകും. വാക്കാണ് വലുതെന്ന് പലവട്ടം പറഞ്ഞ മുഖ്യമന്ത്രി പുതിയ നയവുമായി മുന്നോട്ട് പോകരുത്. തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞതിനോടും പ്രകടന പത്രികയോടും നീതി പാലിക്കണം. ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന ഓപ്പറേഷൻ തൂഫാൻ ഒരു വശത്ത് നടക്കുമ്പോഴാണ് മദ്യവ്യാപനമെന്നും കാന്തപുരം വിഭാഗം കുറ്റപ്പെടുത്തി.
വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചത് എക്സൈസ് വകുപ്പോ മന്ത്രിയോ അറിയാതെയാണെന്നും മുന്നണിയിലോ പാർട്ടിയിലോ ചർച്ച ചെയ്യാതെ ധനകാര്യ വകുപ്പാണ് നികുതി നിശ്ചയിച്ചതെന്നുമുള്ള വസ്തുത മുന്നിലുണ്ട്. യു ഡി എഫിൻ്റെ മദ്യനയം പ്രഖ്യാപിച്ചില്ലെന്നിരിക്കെ നയപരമായ പ്രാധാന്യമുള്ള നികുതി നിർദേശം എങ്ങനെയാണ് ബജറ്റിലേക്ക് കയറിവന്നത്? നയപരമായ ഒരു തീരുമാനവും എക്സൈസ് വകുപ്പ് എടുത്തിട്ടില്ലെന്നും വീര്യം കുറഞ്ഞ മദ്യം വിൽക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നുമാണ് എക്സൈസ് മന്ത്രി എം ലിജു പറയുന്നത്.


