ലോകായുക്ത നിയമ ഭേദഗതി നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ലോകായുക്ത അടക്കമുള്ള സംസ്ഥാനത്തെ അഴിമതി വിരുദ്ധ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് ആരോപിച്ച് സണ്ണി ജോസഫ് എംഎല്‍എ ആണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. സഭ നിര്‍ത്തിവച്ച് ലോകായുക്ത ഓര്‍ഡിനന്‍സിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷാവശ്യം സ്പീക്കര്‍ തള്ളി.
പ്രതിപക്ഷത്ത് തര്‍ക്കമുള്ളതിനാലാണ് വിഷയത്തില്‍ നോട്ടിസ് നല്‍കിയതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചുള്ള മറുപടി പ്രസംഗത്തില്‍ നിയമവകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ലോകായുക്തയുമായി ബന്ധപ്പെട്ട് 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി കൊണ്ടുവന്നത്. ഗവര്‍ണര്‍ ഒപ്പുവെച്ച ഓര്‍ഡിനന്‍സ് നിയസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യുന്നത് തെറ്റായ കീഴ്വഴക്കും സൃഷ്ടിക്കും. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാരിന് ഭയമോ മടിയോ ഇല്ലായെന്നും രാജീവ് പറഞ്ഞു.
ലോകായുക്തയുടെ ഒരു അധികാരവും എടുത്തു കളഞ്ഞിട്ടില്ല. ലോകായുക്തയിലെ 14-ാം വകുപ്പ് വിചിത്രമായ ഒന്നാണ്. അതാണ് ഭേദഗതി ചെയ്തത്. രാജ്യത്ത് ഒരിടത്തുമില്ലാത്ത നിയമമാണിത്. ലോക്പാലിലും ഇത്തരമൊരു നിയമമില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ഇത്തരത്തിലൊരു നിയമമില്ല. ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത് വിവിധ പരിശോധനകള്‍ക്ക് ശേഷമാണ്. കേരള സര്‍ക്കാര്‍ അഴിമതി വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്നതില്‍ തര്‍ക്കമില്ല. ലോകായുക്തയെ ദുര്‍ബലപ്പെടുത്തുന്ന ഒന്നും ഇപ്പോഴത്തെ ഭേദഗതിയിലില്ലെന്നും രാജീവ് പറഞ്ഞു.
എന്നാല്‍ ഭേദഗതി ആദ്യം സിപിഐ മന്ത്രിമാരെ ബോധ്യപ്പെടുത്തിയാല്‍ മതിയെന്ന് സണ്ണി ജോസഫ് തിരിച്ചടിച്ചു. കാനം രാജേന്ദ്രനെ ബോധ്യപ്പെടുത്തിയിട്ട് മതി നാട്ടുകാരെ ബോധ്യപ്പെടുത്തുന്നത്. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ മടിക്കുകയാണ്. സംസ്ഥാനത്ത് സര്‍വത്ര മേഖലയിലും അഴിമതി കൊടികുത്തി വാഴുകയാണെന്നും അദ്ദേഹം ആരോപിച്ചു.


