കണ്ണൂര്‍: മാതൃഭൂമി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രനേയും ഭാര്യ സരിതയേയും ബന്ദിയാക്കി സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്ത കേസിലെ പ്രതിയെ കണ്ണൂര്‍ പൊലീസ് പിടികൂടിയത് സിനിമ തിരക്കഥകളെ തോല്‍ക്കും വിധത്തില്‍ അതി സാഹസികമായി. കണ്ണൂര്‍ പോലീസാണ് കവര്‍ച്ചാ സംഘത്തിലെ ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് ഹിലാല്‍ ബിയ്യയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബര്‍ 6 ന് രാത്രിയായിരുന്നു സംഭവം.
കേസില്‍ പൊലീസിന് വഴികാട്ടിയായത് മോഡ് ഓഫ് ഒപ്പരാണ്ടിയെന്ന കുറ്റകൃത്യസ്വഭാവങ്ങളുടെ പരിശോധനയിലൂടെ. റെയില്‍വേ സ്റ്റേഷന് പരിസരത്ത് സമാന രീതിയില്‍ ഇന്ത്യയില്‍ നടന്ന നിരവധി കവര്‍ച്ചകള്‍ ബംഗ്ലാദേശി സംഘമാണ് നടത്തിയതെന്ന് മനസ്സിലാക്കി. അതേസമയം തന്നെ ഫോണ്‍കോളുകള്‍ പരിശോധിച്ചിരുന്നു. കേസില്‍ 18 ടവര്‍ ലൊക്കേഷനില്‍ നിന്നുള്ള 12 ലക്ഷം കോളുകള്‍ പരിശോധിച്ചതായി ഡിവൈഎസ്പി പി.പി. സദാനന്ദന് പറഞ്ഞു.
18 കാരനായ മുഹമ്മദ് ഹിലാല്‍ അടക്കമുള്ള അഞ്ചംഗ സംഘം ബംഗ്ലാദേശ് കുല്‍നാ ജില്ലയിലെ മോറന് ഗഞ്ച് എന്ന സ്ഥലത്തെ ശിക്കാര്‍ വിഭാഗത്തില്‍ പെടുന്നവരാണ്. കവര്‍ച്ച ലക്ഷ്യമാക്കുന്ന വീടുകളുടെ വാതില്‍ ഇടിച്ചു തുറക്കുന്നതാണ് ഇവരുടെ രീതി.
ജനലുകള്‍ ചുവരില്‍ നിന്ന് ഇളക്കി മാറ്റിയും ഇവര്‍ കവര്‍ച്ച ചെയ്യും. കവര്‍ച്ചക്കിടെ പിടിക്കപ്പെടുകയോ എതിര്‍ക്കപ്പെടുകയോ ചെയ്താല്‍ റിവോള്‍വര്‍ കൊണ്ട് വെടിവെക്കുന്ന പതിവും ഇവര്‍ക്കുണ്ട്. കണ്ണൂര്‍ സൗത്ത് റെയില്വേസ്റ്റേഷന് സമീപത്തെ വിനോദ് ചന്ദ്രന് താമസിക്കുന്ന വാടകവീട്ടില്‍ കയറി അക്രമിച്ച് സ്വര്‍ണ്ണവും പണവുമായിരുന്നു ഇവര്‍ കവര്‍ച്ച ചെയ്തത്.
വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട സംഘം കോ-ഓപ്പറേറ്റ് എന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. റിവോള്‍വര്‍ ഉപയോഗിച്ചതായി സംശയം പ്രകടിപ്പിച്ചതും അന്വേഷണം ബംഗ്ലാദേശി സംഘത്തിലേക്ക് തിരിയാന്‍ കാരണമായി. കവര്‍ച്ചക്ക് ശേഷം തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വണ്ടികയറിയ സംഘം പോയത് ബംഗ്ലാദേശിലേക്കാണ്. പിടിയിലായ ഹിലാല്‍ ഗസ്സിയാബാദിലുള്ള ഹയര്‍ഗുഡ്സ് ഷോപ്പില്‍ ജോലി ചെയ്തിരുന്നു. നമ്പറുകള്‍ പിന്തുടരുന്നതിനിടയില്‍ ഡല്‍ഹിയില്‍ എത്തിയതായി വിവരം ലഭിച്ചു.
ഡല്‍ഹിയിലെ അഡ്രസിലാണ് ഒരു ഫോണ്‍ സിംഎടുക്കാനായി ഉപയോഗിച്ചിരുന്നത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത പ്രതി വാട്സാപ്പ് ഉപയോഗിച്ച് ഏതാനും പേരെ ബന്ധപ്പെടുന്നതായി വിവരം ലഭിച്ചു. അക്കൂട്ടത്തില്‍ ഒരു ചെറുപ്പക്കാരനെ സോഴ്സാക്കി മാറ്റിയാണ് പൊലീസ് തന്ത്രപൂര്‍വ്വം ഹിലാലിനെ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത്. നേരത്തെ തന്നെ 5 ദിവസത്തോളം അന്വേഷണ സംഘത്തിലെ മഹിജനും രഞ്ജിത്തും ഡല്‍ഹിയിലുണ്ടായിരുന്നു. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ എട്ടുപൊലീസുകാര് ആദ്യഘട്ടത്തില്‍ നിലയുറപ്പിച്ചിരുന്നു. ഇവര്‍ ഇടയ്ക്ക് അതിര്‍ത്തി കടന്നും മുന്നോട്ടുപോയി.
സംശയത്തിന്റെ പേരില്‍ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത ബംഗ്ലാദേശുകാരനായ മോഷ്ടാവിനെ മുന്നില്‍ നിര്‍ത്തിയായിരുന്നു പൊലീസിന്റെ നീക്കങ്ങള്‍ മുഴുവന്‍. കണ്ണൂരിലെ കവര്‍ച്ചയുമായി ഇയാള്‍ക്ക് ബന്ധമില്ലെന്ന് പൊലീസിന് ബോധ്യമായതോടെ കവര്‍ച്ചാസംഘത്തെ പിടികൂടാന്‍ ഇയാളുടെ സഹായവും പൊലീസ് തേടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മാസങ്ങളോളം കാത്തിരുന്നശേഷം സംഘത്തിലെ ഒരാളായ ബംഗ്ലാദേശ് മൊറാല്ഗഞ്ച് സ്വദേശി മുഹമ്മദ് ഹിലാലിനെ അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിലേക്ക് രക്ഷപ്പെട്ട സംഘത്തെ അവിടെയെത്തി അറസ്റ്റ് ചെയ്യുകയെന്നത് പൊലീസിനെ സംബന്ധിച്ചിടത്തോളം ഏറെ ശ്രമകരമായ ജോലിയായിരുന്നു.
ഇതേ തുടര്‍ന്നാണ് ആ ഉദ്യമം നിര്‍ത്തി പ്രതികള്‍ വീണ്ടും ഇന്ത്യയിലേക്ക് വരുന്നതും കാത്തിരിക്കാന്‍ തീരുമാനിച്ചത്. അടുത്ത ദിവസം തന്നെ പ്രതികള്‍ വീണ്ടും കവര്‍ച്ചക്കായി ഇന്ത്യയിലെത്തുമെന്ന് നേരത്തെ രഹസ്യ ദൂതനാക്കിവെച്ച ആള് കണ്ണൂര്‍ പൊലീസിന് വിവരം നല്‍കുകയായിരുന്നു. ഇതുപ്രകാരമാണ് സി ഐയും സംഘവും ഈ മാസം രണ്ടാംവാരം ഡല്‍ഹിയിലെത്തിയത്. എന്നാല്‍ കണ്ണൂര്‍ പൊലീസ് ഇവിടെയെത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കിയ കവര്‍ച്ചാസംഘം ഡല്‍ഹിയില്‍ നിന്ന് തീവണ്ടിമാര്‍ഗ്ഗം ബംഗാളിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഓള്‍ഡ് ഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ വെച്ച് സംഘത്തിലൊരാളെ പൊലീസ് കീഴ്പ്പെടുത്തി പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേര് പൊലീസിനെ അക്രമിക്കാന്‍ ശ്രമിച്ചുവെങ്കിലും കയ്യില്‍ കിട്ടിയ പ്രതിയേയുംകൊണ്ട് പൊലീസ് ചാന്ദ്നിചൗക്ക് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പ്രതികള്‍ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയില്‍ വരുന്നതും കാത്ത് 3 മാസത്തോളമാണ് പൊലീസ് കാത്തിരുന്നത്.
സപ്തംബര്‍ 6ന് ലക്ഷങ്ങളുടെ സ്വര്‍ണ്ണവും പണവും കവര്‍ച്ച നടത്തി ബംഗ്ലാദേശിലേക്ക് കടന്ന ശിക്കാരികള്‍ വീണ്ടും ഓപ്പറേഷന് നടത്താന്‍ ഡിസംബര്‍ 16നാണ് ഡല്‍ഹിയിലെത്തിയത്. രഹസ്യവിവരക്കാരന് കൃത്യമായി നല്കിയ സൂചനയിലാണ് യഥാര്‍ത്ഥ പ്രതികളിലൊരാളെങ്കിലും കയ്യില്‍ കുടുങ്ങിയത്. ഇത് കണ്ണൂര്‍ പൊലീസിന്റെ നേട്ടം തന്നെയാണ്. മോഷണത്തിനായി ബംഗലൂരു വഴി കണ്ണൂരിലെത്തിയ പ്രതിയെ അതേവഴി തന്നെയാണ് തീവണ്ടിമാര്‍ഗ്ഗം പൊലീസും കണ്ണൂരിലേക്ക് കൊണ്ടുവന്നത്. കണ്ണൂര്‍ ഡി.വൈ. എസ്. പി. പി.പി. സദാനന്ദന്റെ നിര്‍ദേശ പ്രകാരം സിറ്റി. സിഐ. പ്രദീപന് കണ്ണിപ്പൊയില്‍, എഎസ്ഐ. രാജീവന് എന്നിവരാണ് സാഹസികമായി പ്രതിയെ ഡല്‍ഹിയിലെത്തി പിടികൂടിയത്. ഡല്‍ഹിയില്‍ നിന്നും ഹൗറയിലേക്ക് പോകാന്‍ ട്രെയിന്‍ ടിക്കറ്റ് എടുത്തിട്ടുണ്ടെന്ന് വിവരം ലഭിച്ചതോടെ വലവീശി ഡല്‍ഹി റെയില്‍വേ പൊലീസിന്റെ സഹായത്തോടെയാണ് ബിലാലിനെ കസ്റ്റഡിയിലെടുത്തത്.


