രാമനാട്ടുകരയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ദുരൂഹത. ചെര്‍പ്പുളശേരിയില്‍ നിന്ന് 15 പേര് എന്തിനു കരിപ്പൂരിലെത്തിയെന്ന് അന്വേഷിക്കുന്നു. മൂന്നു വാഹനങ്ങളിലായാണ് എത്തിയത്, ആറുപേരെ ചോദ്യം ചെയ്യുന്നു. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. വാഹനത്തിനു സമീപത്തു നിന്ന് പൊട്ടിയ മദ്യക്കുപ്പികള്‍ കണ്ടെത്തിയിരുന്നു.
കോഴിക്കോട് രാമനാട്ടുകരയില്‍ കാറും സിമന്റ് കയറ്റിയ ലോറിയും ഇടിച്ച് പാലക്കാട് ചെര്‍പ്പുളശേരി സ്വദേശികളായ അഞ്ചു യുവാക്കളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലേമുക്കാലിന് പുളിഞ്ചോട് വളവിനു സമീപമായിരുന്നു അപകടം. അഞ്ചു പേരെയും നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം, തന്റെ ഭാഗത്തല്ല പിഴവെന്നും അമിത വേഗത്തിലായിരുന്ന കാര്‍ വന്നിടിച്ചെന്നുമാണ് ലോറി ഡ്രൈവറുടെ മൊഴി. എന്നാല്‍ അപകടത്തിനിടയാക്കിയ യാത്രയില്‍ ദുരൂഹതയെന്ന് പൊലീസ് വ്യക്തമാക്കുന്നു.
അപകടത്തില്‍പെട്ട കാറിനൊപ്പം ഒറ്റപ്പാലം റജിസ്ട്രേഷനിലുള്ള മറ്റ് വാഹനങ്ങളും ഉണ്ടായിരുന്നു. ഇതിലൊരു വാഹനത്തിലെ ആറു യാത്രക്കാരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. എല്ലാവരും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നതാണെന്നാണ് സൂചന. ഇത് സ്ഥിരീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും.


