കണ്ണൂർ: യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കാൻ മുംബൈ പൊലീസ് നടപടി ആരംഭിച്ചതായി വിവരം. ബിനോയിയെ ചോദ്യം ചെയ്യാൻ കേരളത്തിലെത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്നാണിത്.
ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ടു നോട്ടിസ് നൽകാൻ തലശ്ശേരിയിലെയും തിരുവങ്ങാട്ടെയും ന്യൂമാഹിയിലെയും വീട്ടിലെത്തിയെങ്കിലും അവ പൂട്ടിയിട്ടിരിക്കുകയാണ്.
മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലും. തുടർന്ന്, പിതാവ് കോടിയേരി ബാലകൃഷ്ണന്റെ തലശ്ശേരിയിലെ വീടിന്റെ അയൽപക്കത്ത് നോട്ടിസ് ഏൽപിച്ചു. 3 ദിവസമായി കണ്ണൂരിലുള്ള മുംബൈ പൊലീസ്, തുടർ അന്വേഷണത്തിനായി തിരുവനന്തപുരത്തേക്കു തിരിക്കും.
പരാതിക്കാരി മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകി. ഫോൺ കോൾ റിക്കോർഡുകൾ, ഒന്നിച്ചുള്ള ചിത്രങ്ങൾ, വിഡിയോകൾ തുടങ്ങിയവയും കൈമാറി. കൃത്രിമമാണോ എന്നറിയാൻ ഇവ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. ബിനോയിയും യുവതിയും മുംബൈയിൽ ഒന്നിച്ചു സമയം ചെലവിട്ടിരുന്നതായി അന്വേഷണസംഘത്തിനു തെളിവു ലഭിച്ചിച്ചെന്നാണു വിവരം.
ഓഷിവാര സ്റ്റേഷൻ ഇൻസ്പെക്ടർ വിനായക് ജാദവ്, കോൺസ്റ്റബിൾ ദേവാനന്ദ് പവാർ എന്നിവരാണു കേരളത്തിലെത്തിയ സംഘത്തിൽ. എഫ്ഐആർ പകർപ്പ്, ബിനോയിയും യുവതിയും ഒന്നിച്ചുള്ള ചിത്രങ്ങൾ, ഫോൺ സംഭാഷണങ്ങൾ എന്നിവ ജില്ലാ പൊലീസ് മേധാവിയെ കാണിച്ചാണ് ബിനോയിയെ കസ്റ്റഡിയിലെടുക്കാൻ സഹായം തേടിയത്. മുംബൈയിൽ നിന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയെ നേരിട്ടു വിളിക്കുകയും ചെയ്തു. ബിനോയിയുടെ വീടുകളിൽ കേരള പൊലീസിനൊപ്പമാണു മുംബൈ സംഘം പോയത്.


