കോഴിക്കോട് ∙ പന്തീരാങ്കാവിലെ ജ്വല്ലറിയിൽ മോഷണശ്രമത്തിനിടെ യുവതിയെ നാട്ടുകാർ പിടികൂടി. പിടിക്കപ്പെട്ടപ്പോൾ പെട്രോൾ മണമുള്ള സ്പ്രേ തളിച്ച യുവതി തീ കൊളുത്താൻ ശ്രമം നടത്തിയെങ്കിലും ജ്വല്ലറി ഉടമ ബലം പ്രയോഗിച്ച് തടഞ്ഞു. ഉടമ മുട്ടഞ്ചേരി രാജന് ഇതിനിടെ വീഴ്ചയിൽ പരുക്കേറ്റു.
പന്തീരങ്കാവിലെ സൗപര്‍ണിക ജ്വല്ലറിയിലാണ് നാടകീയമായ സംഭവങ്ങളുണ്ടായത്. രാവിലെ പത്ത് മണിയോടെയാണ് യുവതി ജ്വല്ലറിയിലെത്തിയത്. ഇവര്‍ ആവശ്യപ്പെട്ടപ്രകാരം സെയില്സ്മാന് ആഭരണം കാണിച്ചുകൊടുത്തു. ഇതിനിടെ സ്ത്രീയും സെയില്‍സ്മാനും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും കടയുടമ ഇടപെടുകയും ചെയ്തു. ഈ തര്‍ക്കത്തിനിടെയാണ് ഇവര്‍ ആഭരണം മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഇതോടെ ഇവരെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. ഇതിനിടെ കൈയിലുണ്ടായിരുന്ന മണ്ണെണ്ണ ഒഴിച്ച് ഇവര്‍ തീ കൊളുത്താന്‍ ശ്രമിച്ചു. ഇത് നാട്ടുകാര്‍ തടഞ്ഞു. ഇവരെ പന്തീരങ്കാവ് പോലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു.

