സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് കസ്റ്റംസിന് നല്കിയ മൊഴി ആവശ്യപ്പെട്ട് ഇ.ഡി. നല്കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. 2020 ഡിസംബറില്‍ സ്വപ്ന നല്കിയ രഹസ്യമൊഴി വേണമെന്നാണ് ഇ.ഡിയുടെ ആവശ്യം. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വപ്ന നല്കിയ രഹസ്യ മൊഴി കസ്റ്റംസ് പ്രിവന്റീവ് ഇഡിക്ക് കൈമാറിയേക്കും.
സ്വര്‍ണക്കടത്ത് കേസിലും, ഡോളര്‍ കടത്തു കേസിലും രേഖപ്പെടുത്തിയ സ്വപ്നയുടെ രഹസ്യമൊഴി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന സിജെഎം കോടതിയെ സമീപിച്ചിരിക്കുന്നത്. കസ്റ്റംസിന് നല്കിയ മൊഴി ആവശ്യപ്പെട്ട് ഇ.ഡി നേരത്തെയും കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ മൊഴി നല്കാന് കഴിയില്ലെന്ന് കസ്റ്റംസ് കോടതിയില്‍ അറിയിച്ചു.
സ്വപ്ന സുരേഷ് പുതുതായി നല്കിയ 27 പേജുള്ള 164 മൊഴിയുടെ പകര്‍പ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കസ്റ്റംസിനു നല്കിയ മൊഴിക്കായി ഇ ഡി വീണ്ടും കോടതിയെ സമീപിച്ചത്. കസ്റ്റംസിന് നല്കിയ രഹസ്യമൊഴിയില്‍ നിലവിലെ 164 മൊഴിക്ക് സമാനമായ കൂടുതല്‍ വെളിപ്പെടുത്തലുകളുടെ ഉണ്ടോ എന്ന് അറിയുന്നതിനായി ആണ് ഇ.ഡിയുടെ നീക്കം.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ള സ്വപ്നയുടെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മൊഴി ആവശ്യപ്പെട്ടു കൊണ്ടുള്ള ഇ.ഡിയുടെ ഹര്‍ജി കോടതിയില്‍ എതിര്‍ക്കേണ്ടതില്ല എന്നാണ് ആണ് കസ്റ്റംസിന്റെ തീരുമാനം.