കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ പീതാംബരന് കുറ്റം ചെയ്തിട്ടില്ലെന്നും മറ്റാര്‍ക്കോ വേണ്ടി അത് ഏറ്റെടുക്കുകയായിരുന്നെന്നും വെളിപ്പെടുത്തി ഭാര്യ മഞ്ജു. പീതാംബരന്റെ കൈ ഒടിഞ്ഞിരിക്കുകയായിരുന്നെന്നും അങ്ങനെയുള്ളയാള്‍ക്ക് കൊലപാതകത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും പീതാബരന്റെ മാതാവും പറയുന്നു. ഏതാനും ദിവസം മുന്‍പ് നടന്ന സംഘര്‍ഷത്തിലാണ് പീതാംബരന്റെ കൈ ഒടിഞ്ഞതെന്നാണ് മാതാവ് ചൂണ്ടിക്കാട്ടിയത്.

തങ്ങളുടെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായെന്നും ആ സമയം തങ്ങളെ സഹായിക്കാന്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ലെന്നും മഞ്ജു പറയുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം പെരിയ ലോക്കല്‍ കമ്മറ്റി അംഗമായ പീതാംബരനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം ആറ് പേരെ കൂടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കൊലപാതകത്തിന് പിന്നില്‍ അപമാനം മൂലം തനിക്കുണ്ടായ നിരാശയാണെന്നാണ് പീതാംബരന് പൊലീസിനോട് പറഞ്ഞത്. പീതാംബരനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്.


