പാലാരിവട്ടം പാലം അഴിമതി കേസില്‍ നാഗേഷ് കണ്‍സള്‍ട്ടന്‍സി ഉടമ വി.വി. നാഗേഷിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കോട്ടയം വിജിലന്‍സ് ഓഫിസിലാണ് നിലവില്‍ നാഗേഷ് ഉള്ളത്. പാലം രൂപകല്പന ചെയ്ത കണ്‍സല്‍ട്ടന്‍സിയുടെ ഉടമയാണ് നാഗേഷ്.
പാലത്തിന്റെ രൂപകല്പനയ്ക്കായി 17 ലക്ഷം രൂപയാണ് നാഗേഷ് ഈടാക്കിയത്. ഇതേ രൂപ കല്‍പ്പന ജിപിടി ഇന്‍ഫ്രാടെക്ക് എന്ന കമ്പനിക്കും നാഗേഷ് നല്‍കിയിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
നേരത്തെ കേസില്‍ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനേയും പ്രതി ചേര്‍ത്തിട്ടുണ്ട്. അനധികൃതമായി വായ്പ നല്കാന് കൂട്ടുനിന്നെന്ന കേസിലാണ് ഹനീഷിനെ പ്രതി ചേര്‍ത്തത്. കേസില്‍ പത്താം പ്രതിയായാണ് മുഹമ്മദ് ഹനീഷിനെ ചേര്‍ത്തിരിക്കുന്നത്. കിറ്റ്കോ കണ്സല്ട്ടന്റുമായ എം.എസ്.ഷാലിമാര്‍, നിഷ തങ്കച്ചി, ബംഗളൂരു നാഗേഷ് കണ്‍സള്‍ട്ടന്‍സിയിലെ എച്ച്.എല്‍. മഞ്ജുനാഥ്, സോമരാജന് എന്നിവരേയും കേസില്‍ പ്രതി ചേര്‍ത്തു.
ഇതിനിടെ പാലരിവട്ടം മേല്‍പാലം അഴിമതികേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വിജിലന്‍സ് കോടതിയില്‍ ബോധിപ്പിച്ചു. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തികനേട്ടമുണ്ടാക്കുകയും സര്‍ക്കാരിന് നഷ്ടം വരുത്തുകയും ചെയ്തെന്നു കസ്റ്റഡി അപേക്ഷയില്‍ വിജിലന്‍സ് വെളിപ്പെടുത്തി.


