വഴിയോരക്കച്ചവടക്കാരിയിൽനിന്ന് ഒരുകോടിരൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട വയലരികത്ത് വീട്ടിൽ കണ്ണനെ(45)യാണ് മ്യൂസിയം പോലീസ് പിടികൂടിയത്.ലോട്ടറി കച്ചവടക്കാരനാണ് ഇയാള്. മ്യൂസിയത്തിനുസമീപം വഴിരികത്ത് തൊപ്പിക്കച്ചവടം ചെയ്യുന്ന അറുപതുവയസ്സുള്ള സുകുമാരിയമ്മ എടുത്ത ടിക്കറ്റാണ് ഇയാൾ കബിളിപ്പിച്ച് തട്ടിയെടുത്തത്.
14ന് കണ്ണൻ സുകുമാരിഅമ്മക്ക് വിറ്റ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ടിക്കറ്റിന് ഒന്നാംസമ്മാനമായ ഒരു കോടി രൂപ അടിച്ചിരുന്നു. എഫ്.ജി 348822 നമ്പറിനായിരുന്നു സമ്മാനം. ഇതേ സീരീസിലുള്ള 12 ലോട്ടറികൾ സുകുമാരി അമ്മ എടുത്തിരുന്നു. ഇതിൽ എഫ്ജി 3,48,822 എന്ന ടിക്കറ്റിനായിരുന്നു ഒന്നാംസമ്മാനം. ഒരു ടിക്കറ്റിന് 100 രൂപവീതം 1200 രൂപ ലഭിച്ചെന്നു പറഞ്ഞാണ് ഇയാൾ സുകുമാരിയമ്മയിൽ നിന്ന് ടിക്കറ്റുകൾ തിരികെ വാങ്ങിയത്. തനിക്ക് ഒന്നാംസമ്മാനമടിച്ചെന്ന് കണ്ണൻ മറ്റുള്ളവരോട് പറഞ്ഞതിനെ തുടർന്നാണ് സംശയമുണ്ടായത്. തുടർന്നാണ് ടിക്കറ്റ് കബളിപ്പിച്ച് കൈക്കലാക്കിയ കാര്യം പുറത്തറിഞ്ഞത്. വിവരമറിഞ്ഞ സുകുമാരിയമ്മ മ്യൂസിയം പൊലീസിൽ പരാതിനൽകുകയായിരുന്നു.ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തതു സംബന്ധിച്ച് പൊലീസ് ലോട്ടറിവകുപ്പിന് റിപ്പോർട്ട് നൽകും. ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് കണ്ണൻ ലോട്ടറിവകുപ്പിൽ ഹാജരാക്കിയിട്ടുണ്ട്.