പണ്ടൊക്കെ സിപിഎമ്മുകാര്‍ ബക്കറ്റ് പിരിവ് നടത്തുമ്പോള്‍ അതിനെ കളിയാക്കിയിരുന്നവരാണ് സംഘപരിവാറുകാര്‍. ഇപ്പോഴിതാ, അവരും പിരിവുമായി ഇറങ്ങിയിരിക്കുകയാണ്. അതും ധര്‍മ യോദ്ധാക്കള്‍ക്ക് ഒരു സ്നേഹാശ്ലേഷവുമായി! ശബരിമല വിവാദത്തില്‍ അറസ്റ്റിലായി അകത്ത് കിടക്കുന്നവരെ സഹായിക്കാന്‍ വേണ്ടിയാണ് ഈ ധനസമാഹരണം. അതിനൊരു പേരും കൊടുത്തിട്ടുണ്ട്- ശതം സമര്‍പ്പയാമി! പിരിവിനൊക്കെ ഇപ്പോള്‍ ഫ്രീക്ക് പേരായോ എന്നാണ് ട്രോളന്മാര് ചോദിക്കുന്നത്. കെപി ശശികലയുടെ ഒരു വീഡിയോയും ധനസമാഹരണത്തിന്റെ ഭാഗമായി പ്രചരിക്കുന്നുണ്ട്. അതിനേയും ട്രോളിക്കൊല്ലുകയാണ് സോഷ്യല്‍ മീഡിയ.

ശബരിമല യുവതീ പ്രവേശനത്തിനെതിരെ ശബരിമല കര്‍മ്മസമിതിയുടെയും വിവിധ സംഘപരിവാര്‍ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തിനിടെ അക്രമം നടത്തിയ ഒട്ടേറെ പ്രതിഷേധക്കാര്‍ ഇപ്പോഴും ജയിലിലാണ്. ഇവരെ ജയിലില്‍ നിന്നിറക്കാന്‍ സംഭാവന ആവശ്യപ്പെട്ട് കഴിഞ്ഞദിവസമാണ് കര്‍മ്മസമിതി അധ്യക്ഷ കെ.പി ശശികല രംഗത്തെത്തിയത്. ‘ശതം സമര്‍പ്പയാമി’ എന്ന പേരിലാണ് സംഭാവന ആവശ്യപ്പെടുന്നത്. ഇതിനെതിരെ പരിഹാസമഴ ചൊരിയുകയാണ് സോഷ്യല്‍മീഡിയ. 10 പൈസ ഭണ്ഡാരത്തില് ഇടരുത് എന്നു പറഞ്ഞവര്‍ 100 രൂപക്ക് സമര്‍പ്പായമി നടത്തുകയാണെന്നാണ് ട്രോളന്മാരുടെ പരിഹാസം.


