കുമളി: തമിഴ്നാട്ടിലെ കമ്പത്തിനു സമീപം കൈയും കാലുകളും തലയും അറ്റ പുരുഷന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.മൃതദേഹത്തിന്റെ നെഞ്ചിലും മുറിവിന്റെ പാടുണ്ട്. 25 നും 30 നും ഇടയില്‍ പ്രായമുള്ള മൃതദേഹമാണ് ഞായറാഴ്ച രാത്രി പത്ത് മണിയോടെ കമ്പം- ചുരുളി റോഡരികില്‍ തൊട്ടമന്‍ തുറൈ എന്ന സ്ഥലത്ത് കണ്ടെത്തിയത്.സംഭവത്തില്‍ കേരളത്തിന്റെ അതിര്‍ത്തി മേഖലയിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് വെള്ളം കൊണ്ടു പോകുന്ന കനാലിന്റെ സമീപത്തായി ചൂണ്ടയിട്ടു കൊണ്ടിരുന്നവരാണ് മൃതദേഹം കണ്ടെത്തിയത്.
രാത്രി ഒന്‍പത് മണിക്ക് ശേഷം ഇരുചക്ര വാഹനത്തില്‍ ഒരു പുരുഷനും സ്ത്രീയും എത്തി മൃതദേഹം വലിച്ചെറിഞ്ഞതായി ചൂണ്ടയിട്ടിരുന്നവര്‍ പറഞ്ഞു. എന്താണ് വലിച്ചെറിഞ്ഞത് എന്ന് ചോദിച്ചപ്പോള്‍ വീട്ടില്‍ പൂജ നടത്തിയതിനു ശേഷം മിച്ചമുള്ള പൂജാ സാധനങ്ങള്‍ കളയാനെത്തിയതാണ് എന്നു മറുപടി നല്കിയ ശേഷം മടങ്ങി. സംശയം തോന്നിയ ഇവര്‍ തോട്ടില്‍ നിന്ന് ചാക്കെടുത്ത് അഴിച്ചു നോക്കിയപ്പോളാണ് കൈയും കാലുകളും തലയുമറ്റ പുരുഷന്റെ മൃതദേഹം ചാക്കില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. ഇരുവരേയും അവിടെ മുന്‍പ് കണ്ടിട്ടില്ലെന്നും, തമിഴിലാണ് സംസാരിച്ചതെന്നും ചൂണ്ടയിട്ടവര്‍ പറഞ്ഞു. നാല് പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചാണ് കേസിന്റെ അന്വേഷണം നടക്കുന്നത്.


